പാറ്റ്‌ന- ബി.ജെ.പിയെ തുരത്തുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നടക്കുന്ന റാലിക്ക് ബിഹാർ ഒരുങ്ങി. ബി.ജെ.പിയെ അധികാരത്തിൽനിന്ന് നീക്കുന്നതിനുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബിഹാറിൽനിന്ന് പ്രതിപക്ഷ പാർട്ടികളുടെ റാലിക്ക് തുടക്കമാകുന്നത്. രാജ്യം അടിയന്തരാവസ്ഥക്ക് സമാനമായ സഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ലാലു പ്രസാദ് യാദവ് ആരോപിച്ചു. എതിർക്കുന്നവരെയെല്ലാം കള്ളക്കേസുകളിൽ കുടുക്കാനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നതതെന്ന് ലാലു പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജനതാദൾ യുനൈറ്റഡ് നേതാവ് ശരത് യാദവ്, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവർ റാലിയിൽ പങ്കെടുക്കും. എൻ.സി.പി, സി.പി.ഐ, രാഷ്ട്രീയ ലോക്ദൾ, ഡി.എം.കെ, കേരള കോൺഗ്രസ്, ആർ.എസ്.പി, എ.ഐ.യു.ഡി.എഫ്, നാഷണൽ കോൺഫറൻസ്, ജനതാദൾ എസ് എന്നീ പാർട്ടികളുടെ നേതാക്കളും റാലിയിൽ പങ്കെടുക്കും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ പര്യടനത്തിലാണ്. അദ്ദേഹം യോഗത്തിൽ പങ്കെടുക്കില്ല. ലാലു പ്രസാദ് യാദവുമായി വേദി പങ്കിടുന്നതിലുള്ള വിയോജിപ്പ് കാരണമാണ് രാഹുൽ റാലിക്ക് എത്താത്തത് എന്നും സൂചനയുണ്ട്. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി നേതാവ് മായാവതി എന്നിവരും യോഗത്തിനെത്തില്ല.
റാലിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റാലി നടക്കുന്ന പാറ്റ്‌നയിൽ ആറായിരം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഗാന്ധി മൈതാനത്ത് സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചതായി പോലീസ് അറിയിച്ചു.
ആർ.ജെ.ഡിയിലെ വിമത നേതാവ് ശരത് യാദവ് റാലിയിൽ പങ്കെടുക്കാനായി എത്തി. റാലിയിൽ പങ്കെടുക്കരുതെന്ന നിതീഷ് കുമാർ പക്ഷത്തിന്റെ മുന്നറിയിപ്പിനെ പറ്റി ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു ശരത് യാദവിന്റെ മറുപടി. അതേസമയം, മമത ബാനർജി പങ്കെടുക്കുന്നത് കൊണ്ടാണ് റാലിയിൽനിന്ന് വിട്ടുനിൽക്കുന്നത് എന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. മമത പങ്കെടുക്കുന്നതിനാൽ സീതാറാം യെച്ചൂരിയോ മറ്റ് നേതാക്കളോ പങ്കെടുക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.