റോം - കൊറോണ മൂലം ഏറ്റവും അധികം മരണം സംഭവിച്ച ഇറ്റലിക്ക് സഹായഹസ്തവുമായി ക്യൂബ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ വൈദ്യസംഘത്തെ ക്യൂബ ഇറ്റലിയിലേക്ക് അയച്ചു.
ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്നതാണ് 52 അംഗ സംഘം. ഇറ്റലിയിൽ കൊറോണ ഏറ്റവും കൂടുതൽ നാശം വിതച്ച ലോംബാർഡിയിലേക്കാണ് വൈദ്യസംഘം എത്തുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇറ്റലിക്കു പുറമേ വെനസ്വേല, നിക്കാരഗ്വ, ജമൈക്ക,സുരിനാം, ഗ്രനേഡ എന്നിവിടങ്ങളിലേക്കും ക്യൂബ വൈദ്യസംഘത്തെ അയച്ചിരുന്നു.
ഇതാദ്യമായല്ല മഹാമാരികളുടെ സമയത്ത് വിദേശരാജ്യങ്ങളിലേക്ക് ക്യൂബ വൈദ്യസംഘത്തെ അയക്കുന്നത്. ഹെയ്തിയിൽ കോളറയുടെ സമയത്തും എബോളയുടെ സമയത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലേക്കും ക്യൂബ വൈദ്യസംഘങ്ങളെ അയച്ചിരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇറ്റലിയിൽ 59,138പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ 7,024പേർ രോഗമുക്തി നേടി. 5,476പേർ മരിച്ചു.
കോവിഡ്–19 രോഗത്തിൽനിന്നു രക്ഷയ്ക്കായി ഇറ്റലിയിൽ ക്യൂബൻ ഡോക്ടർമാരും നഴ്‌സുമാരും പറന്നിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന മരുന്നാണ് ഇന്റർഫെറോൺ ആൽഫ 2ബി.
വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാൻ ചൈന ഏറ്റവും കൂടുതൽ ആശ്രയിച്ചതു ക്യൂബയിൽനിന്നുള്ള ആന്റി വൈറൽ മരുന്നായ ഇന്റർഫെറോൺ ആൽഫ 2ബി ആയിരുന്നു. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതൽ ചൈനയിൽതന്നെ നിർമിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉൾപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാൻ ഇന്റർഫെറോൺ 2ബി ഫലപ്രദമാണെന്നു മുൻപ് കണ്ടെത്തിയിരുന്നു. രോഗികളിൽ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബൻ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാർട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാൻ 1981ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ക്യൂബൻ സംഘത്തിന്റെ ഇറ്റാലിയൻ യാത്ര പ്രത്യാശയുളവാക്കുന്നതാണ്. ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്നും ഇറ്റലിയിലേക്ക് മെഡിക്കൽ സംഘങ്ങൾ എത്തിയിട്ടുണ്ട്.