റിയാദ് - സൻആയിൽ കഴിഞ്ഞ ദിവസം വീട് ലക്ഷ്യമിട്ടുണ്ടായ ആക്രമണം യാദൃശ്ചികമായ അപകടമാണെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. നിയമാനുസൃത സൈനിക ലക്ഷ്യം ഉന്നമിട്ട് ആക്രമണം നടത്തുന്നതിനാണ് പദ്ധതിയിട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഹൂത്തികളുടെ കമാണ്ട് ആന്റ് കൺട്രോൾ സെന്ററാണ് സഖ്യസേന ലക്ഷ്യമിട്ടത്. സാധാരണക്കാരെ മനുഷ്യകവചമാക്കി മാറ്റുന്നതിന് ജനവാസകേന്ദ്രത്തിനു സമീപമാണ് കമാണ്ട് ആന്റ് കൺട്രോൾ സെന്റർ ഹൂത്തികൾ സ്ഥാപിച്ചത്. ആക്രമണത്തിനുള്ള ആസൂത്രണവും ഇത് നടപ്പാക്കിയ നടപടികളും ശരിയായിരുന്നു. എന്നാൽ സാങ്കേതിക പിഴവ് മൂലം യാദൃശ്ചികമായി അപകടമുണ്ടാവുകയായിരുന്നു. ആക്രമണത്തിൽ വീട് നേരിട്ട് ലക്ഷ്യമിട്ടിട്ടില്ല. തുടർ നടപടികൾ പൂർത്തിയാക്കുന്നതിന് ഈ സംഭവം ജോയിന്റ് ഇൻസിഡെന്റ് അസസ്‌മെന്റ് ടീമിന് എത്രയും വേഗം കൈമാറും. സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനും സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്തുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സഖ്യസേന പ്രതിജ്ഞാബദ്ധമാണ്. സൈനിക നടപടിക്കിടെയുണ്ടാകുന്ന യാദൃശ്ചിക അപകടങ്ങളിൽ സുതാര്യത പാലിക്കുന്നതിന് നിയമപരമായും ധാർമികമായും സഖ്യസേന പ്രതിജ്ഞാബദ്ധമാണെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു. സൻആയിൽ വീടുകൾ ലക്ഷ്യമാക്കി സഖ്യസേനാ വിമാനങ്ങൾ ആക്രമണം നടത്തി എന്ന വാദത്തിൽ അന്വേഷണം നടത്തുമെന്ന് സഖ്യസേന നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രാഥമികാന്വേഷണ വിവരം സഖ്യസേന പുറത്തുവിട്ടത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സൻആക്ക് തെക്ക് ഫജ് അതാനിൽ വീടിന് നേരെ ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ പതിനാലു പേർ കൊല്ലപ്പെടുകയും പതിനാറു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് യെമനിൽ സഖ്യസേന സൈനിക നടപടികൾ സ്വീകരിക്കുന്നത്. സൈനിക ലക്ഷ്യങ്ങൾക്കു നേരെയാണ് സഖ്യസേന ആക്രമണങ്ങൾ നടത്തുന്നത്. പിഴവുകൾ സംഭവിക്കാതിരിക്കുന്നതിന്, സൈനിക ലക്ഷ്യമാണെന്ന് വിവിധ സ്രോതസ്സുകൾ വഴി ഉറപ്പുവരുത്തിയാണ് ആക്രമണം നടത്തുന്നത്. സൈനിക കേന്ദ്രങ്ങളാണെന്ന് നൂറു ശതമാനവും സ്ഥിരീകരിക്കാത്ത, യെമനിലെ എല്ലാ പ്രദേശങ്ങളും സിവിലിയൻ കേന്ദ്രമാണെന്ന സങ്കൽപത്തിൽ ഊന്നിയാണ് സഖ്യസേന പ്രവർത്തിക്കുന്നതെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.