ചണ്ഡീഗഢ്- ബലാല്‍സംഗ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് ഗുര്‍മീത് റാം റഹീം സിങിന്റെ ബാഗ് പിടിച്ചു സഹായിച്ച ഹരിയാന ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗുരുദാസ് സിംഗ് സല്‍വാറയെ സര്‍ക്കാര്‍ പദവിയില്‍ നിന്നു നീക്കി. കേസില്‍ വിധി വന്ന ശേഷം കോടതിക്കു പുറത്തുവച്ച് റാം റഹീമിന്റെ ബാഗ് പിടിച്ചു സഹായിക്കാന്‍ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഓടിയെത്തുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് സര്‍ക്കാര്‍ അഭിഭാഷകരില്‍ രണ്ടാമനായ സല്‍വവാറയുടെ സ്ഥാനം തെറിച്ചത്.
പ്രത്യേക ജയിലിലേക്കു മാറ്റുന്നതിനിടെ 50-കാരനായ റാം റഹീമിനെ സല്‍വാറ അനുഗമിച്ചതായും ആരോപണമുയര്‍ന്നു. റാം റഹീം തന്റെ ബന്ധുവാണെന്നാണ് സാല്‍വാറയുടെ വാദം. സംഭവം പുറത്തായതോടെ ഹരിയാന അഡ്വക്കറ്റ് ജനറല്‍ ബാല്‍ദേവ് രാജ് മഹാജനാണ് സല്‍വാറയെ നീക്കം ചെയ്തത്. 'സല്‍വാറ കഴിഞ്ഞ ദിവസം ബാബയെ അനുഗമിച്ചതായി കണ്ടെത്തി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഇങ്ങനെ ചെയ്യാന്‍ അനുമതിയില്ല,' മഹാജന്‍ വ്യക്തമാക്കി.
റാം റഹീമിനെ കുറ്റക്കാരനെന്ന് വിധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാരിന് ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലിന്റെ പ്രവൃത്തി നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു. ദേര സച്ച സൗദ നേതാവായ റാം റഹീമിന് ജയില്‍ വിഐപി പരിഗണന നല്‍കുന്നുവെന്ന ആരോപണത്തിനിടെയാണ് ഈ സംഭവവും പുറത്തു വന്നത്.