Sorry, you need to enable JavaScript to visit this website.

ലാളിക്കാന്‍ കുഞ്ഞില്ലാത്ത കുരങ്ങ് കോഴിയെ ദത്തെടുത്തു; ഇസ്രയേല്‍ മൃഗശാലയിലെ അപൂര്‍വ്വ കാഴ്ച

തെല്‍ അവീവ്- ഇസ്രയേലിലെ റമത് ഗന്‍ സഫാരി പാര്‍ക്കിലെ ഒരു ഇന്തൊനീഷ്യന്‍ കരിങ്കുരങ്ങാണ് തന്റെ അമ്മ മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ ഒരു കോഴിയെ ദത്തെടുത്തത്. ഒരാഴ്ചയോളമായി നിവ് എന്ന പേരുള്ള കുരങ്ങിന്റെ ജീവിതം സ്വന്തം കുഞ്ഞിനെ പോലെ കൊണ്ടു നടക്കുന്ന ഈ കോഴിയോടൊപ്പമാണ്. നാലു വയസ്സുള്ള നിവിന് പക്വത എത്തിയിട്ടുണ്ട്. പാര്‍ക്കില്‍ ഒരു പങ്കാളിയെ കണ്ടെത്താന്‍ ഈ കുരങ്ങിനായിട്ടില്ല. ഇതോടെ ഒരു അമ്മയാകാനുള്ള ആഗ്രഹം നടക്കാതെ പോയതു കൊണ്ടാകാം കോഴിയെ കൂടെ കൂട്ടി കുഞ്ഞിനെ പോലെ ലാളിക്കുന്നതെന്ന് മൃഗശാല വക്താവ് മോര്‍ പോറാറ്റ് പറയുന്നു.

കുരങ്ങിന്റെ കൂട്ടില്‍ നിന്ന് കോഴിക്ക് വേഗം രക്ഷപ്പെടാമായിരുന്നു. എങ്കിലും നിവിനൊപ്പം കഴിയാനാണ് കോഴിക്കിഷ്ടം. ഇത്തരം ഒരു ബന്ധം അപൂര്‍വ്വമാണെന്ന് പോറാറ്റ് പറയുന്നു. പലപ്പോഴും കരിങ്കുരങ്ങുകള്‍ കൂട്ടിലെത്തുന്ന കോഴികളെ കൊന്നു തിന്നാറുണ്ട്. ചില സമയങ്ങളില്‍ കോഴി ചാകുന്നത് വരെ കളിക്കും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ നിവിനേയും കോഴിയേയും മറ്റൊരു കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. 

ഒരു പോറ്റമ്മയെ കിട്ടിയതില്‍ കോഴി അതീവ സന്തുഷ്ടയാണ്. ഊണും ഉറക്കവുമെല്ലാം ഇരുവരും ഒന്നിച്ചാണ്. ഈ കോഴി എവിടെ നിന്ന് എത്തിയെന്നതിനെ കുറിച്ചും മൃഗശാല അധികൃതര്‍ക്ക് അറിയില്ല.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് നിവ് മറ്റൊരു കോഴിയെ കൂടെ കൂട്ടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ കോഴി പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു.

Latest News