അഗര്‍ത്തല- ത്രിപുരയില്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിന്‍ വിതരണത്തിന് പദ്ധതി തയാറാക്കി സര്‍ക്കാര്‍. ആര്‍ത്തവ ശുചിത്വ പദ്ധതിയുടെ ഭാഗമായി ബിജെപി-ഐപിഎഫ്ടി സര്‍ക്കാര്‍ നാല് കോടി രൂപയാണ് ഇതിനായി സംസ്ഥാന ബജറ്റില്‍ നീക്കിവെച്ചത്.
ആറാം ക്ലാസ്സിനും 12 ക്ലാസിനും ഇടയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കുക. സ്‌കൂളില്‍ പോകുന്ന ഒന്നര ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി ജിഷ്ണു ദേവര്‍മ്മ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തെ ത്രിപുര വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ണാലി ഗോസ്വാമി സ്വാഗതം ചെയ്തു. സ്ത്രീകളുടെ ആരോഗ്യം പോലുള്ള നിര്‍ണായക വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടതിന് അവര്‍ സര്‍ക്കാരിനോട് നന്ദി പറഞ്ഞു.