തിരുവനന്തപുരം- കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വ്വീസ് നടത്തില്ല.
നേരത്തേ യാത്രയാരംഭിച്ച ദീര്‍ഘദൂര വണ്ടികളുടെ സര്‍വീസ് തടസപ്പെടില്ല. ഞായറാഴ്ച കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോവിഡ്19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.