ന്യൂദല്‍ഹി- വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ ക്രിസ്ത്യന്‍ മിഷണറി സംഘടനകള്‍ തദ്ദേശീയരായ മറ്റു മതസ്ഥര്‍ക്കെതിരെ മതവിവേചനം കാണിക്കുകയാണെന്ന് പരാതിപ്പെട്ട് ആര്‍ എസ് എസ് ബന്ധമുള്ള സംഘടന ആഗോള ക്രിസ്ത്യന്‍ വിശ്വാസികളുടെ പരമോന്നത നേതാവ് പോപ് ഫ്രാന്‍സിസിന് കത്തയച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ എംബസി മുഖേന അയച്ച കത്തില്‍ നിരവധി ആരോപണങ്ങളാണ് സംഘപരിവര്‍ സംഘടനയായ ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി ഉന്നയിച്ചിരിക്കുന്നത്. മേഘാലയയിലെ വിവേചനത്തെ അപലപിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിയും കത്തിലുള്ളതായി മെയില്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
തദ്ദേശ മതവിഭാഗമായ നിയാം ഖാസി വിഭാഗത്തില്‍പ്പെട്ട പുരോഹിതന്‍ ബാഹ് കുലാം നോന്‍ഗ്രുമിന്റെ മൃതദേഹം അവരുടെ പരമ്പരാഗത ശ്മശാനത്തില്‍ സംസ്കരിക്കാന്‍ അനുവദിക്കാത്ത സംഭവമാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ക്രിസ്തീയ വിഭാഗം ആക്രമാസക്ത പ്രതിഷേധം നടത്തിയതായും ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി സംഘാടകനും മുന്‍ ആര്‍ എസ് എസ് പ്രചാരകുമായ വിനയ് ജോഷി പറയുന്നു.
ഈ സംഭവത്തെ പോപ് ഫ്രാന്‍സിസ് ഉടന്‍ അപലപിക്കണമെന്നും മേഘാലയയിലെ കത്തോലിക്കരില്‍ നിന്നുണ്ടായ ആക്രമാസക്തമായ ജനാധിപത്യവിരുദ്ധ പെരുമാറ്റത്തെ തള്ളിപ്പറയണമെന്നും കത്തില്‍ ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി ആവശ്യപ്പെടുന്നു. അനുകൂല സമീപനമുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ കത്തോലിക്കന്‍ നേതൃത്വത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഈ സംഘടന കത്തില്‍ മുന്നറിയിപ്പു നല്‍കുന്നു.
'കത്തോലിക്ക ചര്‍ച്ചിന്റെ ഭാഗമായ ഔദ്യോഗിക ഭാരവാഹികള്‍ ഉള്‍പ്പെടെ പലരും സ്ത്രീകള്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍ പോപിന്റെ ശ്രദ്ധയിലെത്തിക്കാന്‍ മറ്റൊരു കത്തുകൂടി തയ്യാറാക്കി വരികയാണ്,' ജോഷി മെയില്‍ ടുഡേയോട് പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായതിനാല്‍ പോലീസും അധികാരികളും ഇവര്‍ക്കെതിരെ നടപടികളെടുക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.