ന്യൂദല്‍ഹി- ജനതാദള്‍ യുനൈറ്റഡ് (ജെഡിയു) നേതാവ് ശരത് യാദവിനെ പുറത്താക്കുന്നതിനുള്ള നടപടികള്‍ക്ക് പാര്‍ട്ടി തുടക്കമിട്ടു. ഞായറാഴ്ച പട്‌നയില്‍ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് സംഘടിപ്പിക്കുന്ന പ്രതിപക്ഷ റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും സ്വമേധയാ പുറത്തു പോയതായി പരിഗണിക്കുമെന്ന് കാണിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി ത്യാഗി ശരത് യാദവിന് കത്തയച്ചു. പാര്‍ട്ടിയില്‍ നിന്നും രാജ്യസഭാ അംഗത്വത്തില്‍ നിന്നും ശരത് യാദവിനെ നീക്കം ചെയ്യുന്നതിനുള്ള ആദ്യ പടിയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തും ഈയിടെ ചേര്‍ന്ന് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിന്ന് വിട്ടു നിന്നും ശരത് യാദവ് പാര്‍ട്ടി ചട്ടങ്ങളെ ആവര്‍ത്തിച്ചു ലംഘിച്ചതായും കത്തില്‍ പറയുന്നു. ലാലുവിന്റെ റാലിയില്‍ പങ്കെടുക്കുന്നതോടെ രാജ്യസഭയില്‍ നിന്ന് ശരദ് യാദവിനെ അയോഗ്യനാക്കാനൊരുങ്ങുകയാണ് ജെഡിയു. രാജ്യസഭയില്‍ 2022 വരെ കാലാവധിയുണ്ട് യാദവിന്. അതേസമയം പാര്‍ട്ടി എന്തു നടപടിയാണ് യാദവിനെതിരെ സ്വീകരിക്കുക എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ പാര്‍ട്ടി സ്ഥാപകനേതാവായ തന്റെ പക്ഷത്തെ യഥാര്‍ത്ഥ ജെഡിയു ആയി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ശരത് യാദവ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജാവേദ് റസയാണ് കമ്മീഷനു ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. പാര്‍ട്ടിയുടെ വിവിധ സംസ്ഥാന അധ്യക്ഷന്മാരും ഭൂരിപക്ഷം പ്രവര്‍ത്തകരും സ്ഥാപക അംഗങ്ങളോടൊപ്പമാണ്. തങ്ങളെ പുറത്താക്കാന്‍ നിതീഷ് കുമാറിനാവില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നു പുറത്താക്കപ്പെട്ട അരുണ്‍ ശ്രീവാസ്തവ പറഞ്ഞു.