ന്യൂദൽഹി- കോവിഡ് 1- സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിംഗ് എം.പിക്ക് പിന്നാലെ തൊണ്ണൂറോളം എം.പിമാർ ഭീതിയിൽ. ലക്‌നൗവിൽ ഇന്റീരിയർ ഡിസൈനർ ആദിൽ അഹമ്മദ് സംഘടിപ്പിച്ച വിരുന്നിൽ കനിക കപൂറിനൊപ്പം ദുഷ്യന്ത് സിംഗും പങ്കെടുത്തിരുന്നു. ബി.ജെ.പി നേതാവ് വസുന്ധര രാജയുടെ മകൻ കൂടിയാണ് ദുഷ്യന്ത് സിംഗ്. ലണ്ടനിൽനിന്ന് തിരിച്ചെത്തിയ കനിക കപൂറിന് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് ഇവർ പരിപാടിയിൽ പങ്കെടുത്തത്.
കനിക സംബന്ധിച്ച അത്താഴവിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ദുഷ്യന്ത് സിംഗ് പാർലമെന്റിന്റെ സെൻട്രൽ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും ദുഷ്യന്ത് സിംഗ് പങ്കെടുത്തു. 96 എം.പിമാരാണ് ഇതിൽ പങ്കെടുത്തത്. ഈ എം.പിമാരും നിലവിൽ ഭീതിയിലാണ്. ലക്‌നൗവിൽ കിംഗ് ജോർജ് മെഡിക്കൽ കോളെജിലെ ഐസലേഷൻ വാർഡിലാണ് നിലവിൽ കനിക കപൂറുള്ളത്. വിലക്ക് ലംഘിച്ചതിന് കനിക കപൂറിനെതിരെ കേസെടുത്തു.
മുൻ കേന്ദ്ര മന്ത്രി രാജ്യവർധൻ റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ, ഹേമമാലിനി, കോൺഗ്രസ് എം.പി കുമാരി സെൽജ, ബോക്‌സറും രാജ്യസഭ എം.പിയുമായ മേരി കോം തുടങ്ങിയവരാണ് പ്രഭാതഭക്ഷണത്തിനായി എത്തിയത്.