ന്യൂഡല്‍ഹി- പുതിയ സമരപരിപാടികളുമായി രംഗത്തിറങ്ങാനിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നോര്‍വെയിലേക്ക് തിരിച്ചതില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പ്. നോര്‍വെ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലിന്റെ ഓസ്ലോ യാത്ര. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും സജീവമായി പ്രതിഷേധ സമരങ്ങളും പ്രകടനങ്ങളുമായി രാഷ്ട്രീയരംഗം ചൂടുപിടിപ്പിക്കാനിരിക്കെയാണ് രാഹുല്‍ ഇന്ത്യ വിട്ടത്.
ഞായറാഴ്ച പട്‌നയില്‍ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദിന്റെ നേതൃത്വത്തില്‍ സംയുക്ത പ്രതിപക്ഷ റാലി നടക്കാനിരിക്കുകയാണ്. സെപ്തംബര്‍ ഒന്നിന് ഗുജറാത്തില്‍ നടത്താനിരിക്കുന്ന കൂറ്റന്‍ പ്രതിപക്ഷ റാലിയിലും രാഹുലിന്റെ സാന്നിധ്യമുണ്ടാവില്ല. ഏതാനും മാസങ്ങള്‍ക്കു ശേഷം ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രചാരണത്തുടക്കമായാണ് വല്‍സാദിലെ റാലിയെ വിശേഷിപ്പിക്കുന്നത്.
നാളെ പട്‌നയില്‍ ലാലു സംഘടിപ്പിക്കുന്ന 'ബിജെപിയെ തൂത്തെറിയൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സംയുക്ത പ്രതിപക്ഷ റാലി 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മഹാസഖ്യ രൂപീകരണത്തിലെ സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ലാലുവിന്റെ റാലിയില്‍ നിന്ന് പങ്കെടുക്കാതിരിക്കാനാണ് രാഹുല്‍ വിദേശത്തേക്ക് പോയതെന്ന് ചിലര്‍ ആരോപിക്കുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുവിനൊപ്പം വേദി പങ്കിടാന്‍ രാഹുല്‍ നേരത്തേയും വിമുഖത കാട്ടിയിട്ടുണ്ട്.