ആഗ്ര- ചിലര്‍ അവകാശപ്പെടുന്ന പോലെ താജ് മഹല്‍ ഒരു ക്ഷേത്രമല്ലെന്നും ശവകുടീരം മാത്രമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എ എസ് ഐ) കോടതിയില്‍ വ്യക്തമാക്കി. താജ് മഹല്‍ തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രമാണെന്നും ഹിന്ദു വിശ്വാസികള്‍ക്ക് ഇവിടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ആറ് അഭിഭാഷകര്‍ 2015-ല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എ എസ് ഐയുടെ മറുപടി. ലോക പൈതൃക പട്ടികയിലുള്‍പ്പെട്ട താജ് മഹല്‍ ശിവ ക്ഷേത്രമാണെന്ന വാദവും എഎസ്‌ഐ തള്ളി. താജ്മഹലില്‍ അടച്ചിട്ടിരിക്കുന്ന മുറികള്‍ തുറന്നു നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ താജ്മഹലിനോട് ചേര്‍ന്നുള്ള പള്ളിയില്‍ മുസ്ലിംകള്‍ക്കു മാത്രമെ ആരാധനാവകാശമുള്ളൂ. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി പള്ളി തുറന്നു നല്‍കാറുണ്ട്. ഹര്‍ജിയില്‍ കോടതി ഇനി സെപ്തംബര്‍ 11-ന് വാദം കേള്‍ക്കും. നേരത്തെ കേന്ദ്ര സര്‍ക്കാര്‍, സാംസ്‌കാരിക മന്ത്രാലയം, എഎസ്‌ഐ എന്നിവര്‍ക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹര്‍ജിക്കാര്‍ക്ക് ഈ കേസില്‍ യാതൊരു അവകാശവുമില്ലെന്ന് എഎസ്‌ഐക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
ഇസ്ലാമിക് ശില്‍പ്പകലയുടെ ഉദാഹരണമായ താജ്മഹലില്‍ ഹര്‍ജിക്കാര്‍ക്ക് ആരാധന നടത്താനോ മറ്റു മതപരമായ കര്‍മ്മങ്ങള്‍ക്കോ അവകാശമില്ലെന്നും താജ്മഹലിനുള്ളില്‍ ക്ഷേത്രമില്ലെന്നും എഎസ്‌ഐ വ്യക്തമാക്കി. ചരിത്രരേഖകള്‍ പ്രകാരം ഏഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ചതാണിതെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു. താജ്മഹലിനുള്ളില്‍ ക്ഷേത്രമുള്ളതായി ഒരു തെളിവുമില്ലെന്ന് 2015-ല്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചിരുന്നു.