കൊച്ചി-സ്ത്രീവിരുദ്ധ, സെക്സിസ്റ്റ് പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. ബസില്‍ വച്ച് പയ്യ•ാര്‍ ശല്യം ചെയ്താല്‍ അത് പെണ്ണുങ്ങള് ആസ്വദിക്കും എന്നാണ് ടിജി മോഹന്‍ദാസ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്. ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ ഉദ്ധരിച്ച് ടിജി മോഹന്‍ദാസ് ആദ്യ ഒരു ട്വീറ്റിട്ടു. '65 വയസ്സ് കഴിഞ്ഞ കിഴവന്മാര് പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികള്‍ക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവന്മാര് മഹാശല്യമാണെന്നേ.. ഇല്ലേ?' ഇങ്ങനെയായിരുന്നു ആദ്യ ട്വീറ്റ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് രണ്ടാമത്തെ ട്വീറ്റ് മോഹന്‍ദാസ് കുറിച്ചത്.
'ഞാന്‍ പറഞ്ഞത് സത്യമാണ്. 55 - 75 വയസ്സുള്ള കിളവന്മാരാണ് ചെറുപ്പക്കാരികളെ ബസ്സിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യന്മാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ്. എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ല' ഇങ്ങനെയാണ് മോഹന്‍ദാസ് രണ്ടാമതായി ട്വീറ്റ് ചെയ്തത്.
ദല്‍ഹിയിലെ ബസില്‍ വച്ച് നിര്‍ഭയയെ ക്രൂരമായ കൂട്ട ബലാത്സംഗത്തിരയാക്കി കൊലപ്പെടുത്തിയവര്‍ക്ക് രാജ്യം വധശിക്ഷ നല്കിയ അതേ ദിവസം തന്നെയാണ് മോഹന്‍ദാസിന്റെ ട്വീറ്റ്. ഒട്ടേറെ ആളുകള്‍ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.