ന്യൂഡല്‍ഹി- 2008-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കേണല്‍ ശ്രീകാന്ത് പുരോഹിത് കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സൈനിക അകമ്പടിയോടെ മുംബൈ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പുരോഹിത് വീണ്ടും സൈനിക യൂണിഫോം അണിയാന്‍ തയാറാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സേനയുടെ രഹസ്യാന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിറ്ററി ഇന്റലിജന്‍സ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കേണല്‍ പുരോഹിതിന് അനധികൃത ആയുധ ഇടപാടുകളില്‍ പങ്കുണ്ടെന്ന കണ്ടെത്തല്‍ അദ്ദേഹത്തിന് തിരിച്ചടിയാകും.
മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട കേണല്‍ പുരോഹിതിന്റെ പേര് ഉയര്‍ന്നതിനു തൊട്ടുപിറകെയാണ് അദ്ദേഹത്തിനെതിരെ മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചത്. 2011 ജൂലൈ 27-ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഹിന്ദുത്വ തീവ്രവാദികളുമായുള്ള പുരോഹിതിന്റെ അടുത്ത ബന്ധവും മാലേഗാവ് സ്‌ഫോടനത്തിലെ അദ്ദേഹത്തിന്റെ പങ്കും സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പുരോഹിത് നിയമവിരുദ്ധമായി ആയുധ കൈകാര്യം ചെയ്‌തെന്നും സൈന്യത്തിന്റെ ആയുധം വിറ്റെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുടക്കത്തില്‍ പൂനെയിലെ ഒരു ആയുധ ഇടപാടുകാരനുമായിട്ടായിരുന്നു പുരോഹിതിന്റെ ബന്ധം. പിന്നീട് രാകേഷ് ധാവഡെ (മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി)യുമായി ബന്ധപ്പെട്ടു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുടേയും അനധികൃത ഇടപാടു നടത്തുന്നയാളാണ് ധാവഡെ എന്നും റിപ്പോര്‍ട്ട് പറയുന്നു. 'സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തില്‍ പ്രധാനിയാകാന്‍ കേണല്‍ പുരോഹിതിനെ സഹായിച്ചത് അദ്ദേഹത്തിന് ആയുധങ്ങള്‍ വേഗത്തില്‍ ലഭ്യമായിരുന്നു എന്ന കാരണത്താലായിരുന്നു,' റിപ്പോര്‍ട്ട് പറയുന്നു.
ആയുധ ഇടപാടില്‍ ലഫ്. കേണല്‍ പുരോഹിതിന്റെ പങ്ക് എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടില്‍ വിശദമായി അദ്ദേഹത്തിന്റെ നിയമവിരുദ്ധ ഇടപാടുകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. 'സൈന്യം നല്‍കിയ എന്‍ എസ് പി 7.62 എം എം പിസ്റ്റള്‍ 2009 മേയ് 5-ന് പുരോഹിത് പൂനെയിലെ ഒരു ആയുധ ഇടപാടുകാരന് വിറ്റു. സൈന്യം നല്‍കിയ എന്‍ എസ് പി 7.62 എം എം പിസ്റ്റള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ഇതേ ദിവസം തന്നെ പുരോഹിത് അമ്പര്‍നാഥിലെ മെഷീന്‍ ടെസ്റ്റ് പ്രോട്ടോടൈപ്പ് ഫാക്ടറിയില്‍ നിന്ന് .32 എം എം എന്‍ പി ബോര്‍ റിവോള്‍വര്‍ വാങ്ങുകയും ചെയ്തു. ഈ ആയുധ മാറ്റങ്ങള്‍ ലൈസന്‍സില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ഇടപാടിലൂടെ പുരോഹിതിന് സാമ്പത്തിക നേട്ടമുണ്ടായി,' റിപ്പോര്‍ട്ടില്‍ പറയുന്നു.
പുരോഹിതിന്റെ കൈവശം ആയുധ ഇടപാടുകാരനില്‍ നിന്നു വാങ്ങിയ .32 വെബ്ലി സ്‌കോട്ട് റിവോള്‍വറും ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ സൈന്യം കണ്ടെത്തിയിരുന്നു. 2007 ഓഗസ്റ്റില്‍ ദേവ്‌ലലില്‍ നിയോഗിക്കപ്പെട്ട ഒരു കേണലില്‍ നിന്ന് .45 റിവോള്‍വര്‍ വാങ്ങുകയും ഇത് ധാവ്‌ഡെയ്ക്ക് 30000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. കേണല്‍ ആയുധം നല്‍കിയത് തന്നെ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേവ്‌ലലിലെ സൈനിക യൂണിറ്റുകളില്‍ നിന്നുമെടുത്ത ഏഴ് 9 എം എം സര്‍വീസ് റിവോള്‍വര്‍ വെടിക്കോപ്പുകള്‍ പുരോഹിത് ധാവഡെക്കു കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുറ്റം ചോദ്യം ചെയ്യലിനിടെ പുരോഹിത് സമ്മതിച്ചതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.