Sorry, you need to enable JavaScript to visit this website.

മോഹനൻ വൈദ്യരെ റിമാന്റ് ചെയ്തു, നടപടികൾ പൂർത്തിയായത് പാതിരാത്രിയിൽ

തൃശൂർ - വ്യാജചികിത്സയുമായി ബന്ധപ്പെട്ട് ബുധനാഴ്ച അറസ്റ്റിലായ മോഹനൻ വൈദ്യരെ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ നടപടികൾ പൂർത്തിയായെങ്കിലും മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി കോടതി നടപടികൾ പൂർത്തിയാക്കി റിമാന്റ് ചെയ്ത് ജയിലിലേക്ക് അയക്കുമ്പോൾ പാതിരാത്രി ആവാറായിരുന്നു.
പട്ടിക്കാട് ചികിത്സ നടത്തുന്നതിനിടെയാണ് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒമാരുടെ സാന്നിധ്യത്തിൽ വിശദമായ പരിശോധന നടത്തി കഴിഞ്ഞ ദിവസം മോഹനൻ വൈദ്യരെ അറസ്റ്റു ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും വ്യാജ ചികിത്സയാണ് നടത്തിയിരുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പീച്ചി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ആൾമാറാട്ടം, ചതി, യോഗ്യതയില്ലാതെ ചികിത്സ എന്നിവയാണ് കുറ്റങ്ങൾ.


മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇതിനു പോലും ചികിത്സയുണ്ടെന്ന പ്രചാരണം മോഹനൻ വൈദ്യർ നടത്തിയിരുന്നതായി പറയുന്നു. കോവിഡ് ഒരു രോഗമല്ലെന്നും അതുകൊണ്ടുതന്നെ മാറ്റാൻ പറ്റുമെന്നുമൊക്കെയാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. കോവിഡിന് ചികിത്സ നടത്തിയിരുന്നോ എന്ന കാര്യം ആരോഗ്യവകുപ്പ് വീണ്ടും വിശദമായി പരിശോധിക്കും. നിലവിൽ കോവിഡ് ചികിത്സ നടത്തിയത് സംബന്ധിച്ച് തെളിവുകളൊന്നും കിട്ടിയിട്ടില്ല.


കോവിഡ് 19ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയത്.
എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങൾ ഡി.എം.ഒയും പോലീസും നേരിട്ടെത്തി പരിശോധിച്ചു. ഇതേത്തുടർന്നാണ് ലൈസൻസ് പോലുമില്ലാതെയാണ് രോഗികളെ മോഹനൻ വൈദ്യർ പരസ്യം നൽകി വിളിച്ച് കൂട്ടി പരിശോധിച്ചതെന്ന് കണ്ടെത്തിയത്. തൃശൂർ ഡി.എം.ഒ കെ.ജെ റീനയുടെ നിർദ്ദേശപ്രകാരം എസ്.ഐ ബിബിൻ ബി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.


ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസാന കച്ചിത്തുരുമ്പായി മോഹനൻ വൈദ്യരെ വിശ്വസിച്ച് ചികിത്സക്കെത്തിയ രോഗികളെയാണ് ആരോഗ്യവകുപ്പ് അധികൃതർക്ക് കഴിഞ്ഞ ദിവസം മോഹനൻവൈദ്യരുടെ ചികിത്സാകേന്ദ്രം പരിശോധിച്ചപ്പോൾ കണ്ടെത്താനായത്. ഏത് മാറാവ്യാധിയും മാറ്റിനൽകുമെന്ന വൈദ്യരുടെ വാക്കുകളിൽ വിശ്വസിച്ചാണ് ചികിത്സക്കായി ആളുകൾ ഇവിടെ എത്തിയിരുന്നത്. പാലിയേറ്റീവ് കെയർ ഡോക്ടർമാർ നിർദ്ദേശിച്ച രോഗികളെയാണ് വൈദ്യർ പൊതുവെ തന്റെ ചികിത്സാകേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. തനിക്ക് ആവശ്യമായ ലൈസൻസോ മറ്റു രേഖകളോ ഇല്ലെന്നുള്ളതുകൊണ്ടു തന്നെ യോഗ്യതയുള്ള രണ്ട് ആയുർവേദ ഡോക്ടർമാരെ നിയമിച്ച് അവരുടെ മറവിലാണ് ഇയാൾ ചികിത്സിച്ചിരുന്നത്. ആരോഗ്യവകുപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു രേഖയും കാണിച്ചുകൊടുക്കാൻ ഇയാൾക്കായില്ല.


ന്യൂദൽഹിയിലെ ഉന്നത കേന്ദ്രങ്ങളിൽ വരെ അടുത്ത ബന്ധങ്ങളും പിടിപാടുമാണ് ചികിത്സിക്കാൻ യോഗ്യതകളൊന്നുമില്ലാത്ത ഈ വൈദ്യനുള്ളത്. അതുകൊണ്ടുതന്നെ കാലങ്ങളായി ഇയാൾ ഏതു കേസിൽനിന്നും സുഖമായി വഴുതി നടക്കുകയായിരുന്നു. യോഗ്യതയുള്ള ഏതു ഡോക്ടറെക്കാളും സാമ്പത്തികമായി മുന്നിലാണ് വൈദ്യനെന്നാണ് സൂചന. 
അതുകൊണ്ടുതന്നെ ഏതു കേസിൽ നിന്ന് തലയൂരാനും ലക്ഷങ്ങൾ വാരിവിതറാനും ഇയാൾക്ക് സാധിക്കുമായിരുന്നു. വൈദ്യരുടെ ഉന്നതബന്ധങ്ങൾ നന്നായി അറിയുന്നതുകൊണ്ടുതന്നെ ഇയാൾക്കെതിരെ നടപടിയെടുക്കാനും പലർക്കും മടിയായിരുന്നു. ആരോഗ്യവകുപ്പിന് പരമാവധി തെളിവുകൾ സഹിതം ഇയാളെ പിടികൂടി അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്ത് ജയിലിലേക്ക് വിടാൻ സാധിച്ചതും ശക്തമായ സമ്മർദ്ദങ്ങളെ അതിജീവിച്ചും മറികടന്നുമാണ്.


 

Latest News