വാഷിങ്ടണ്‍- ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ ഭീതിയിലാണ്. 153 ഓളം രാജ്യങ്ങളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലും നൂറിലേറെ പേരുടെ ജീവന്‍ കൊറോണ കാര്‍ന്നെടുത്തു കഴിഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് എല്ലാ രാജ്യത്തെയും ഭരണകൂടവും ആരോഗ്യവകുപ്പും പൊലീസും മറ്റുളളവരും. രാപ്പകലില്ലാതെയാണ് ഓരോരുത്തരും തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നത്.
ആ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്ന എത്ര നിസ്സാര കാര്യമാണെങ്കില്‍ കൂടിയും അത് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. പോലീസിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. കൊറോണയെ തുരത്താന്‍ നടക്കുമ്പോഴും സമൂഹത്തിന്റെ ക്രമസാമാധാന പാലനവും അവരുടെ കയ്യിലാണല്ലോ. ഈ സമയത്ത് പൊലീസിനെ കുഴപ്പത്തിലാക്കി കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയാലോ.
അത് മുന്നില്‍ക്കണ്ടാണ് യു.എസിലെ വിവിധ പോലീസ് ഏജന്‍സികള്‍ രസകരമായ അഭ്യര്‍ഥനകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്നായിരുന്നു സാള്‍ട്ട് ലേക്ക് സിറ്റി പൊലീസിന്റെ അഭ്യര്‍ഥന.