റിയാദ് - രാജ്യത്തിനകത്തുള്ള സന്ദര്‍ശകരുടെ വിസിറ്റ് വിസകള്‍ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമുകളായ അബ്ശിറും മുഖീമും വഴി ദീര്‍ഘിപ്പിക്കുന്നതിന് അവസരം ഒരുക്കിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് എല്ലാവിധ വിസിറ്റ് വിസകളും ദീര്‍ഘിപ്പിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയിരിക്കുന്നത്.
അടിസ്ഥാന വിസയില്‍ നിര്‍ണയിച്ച കാലാവധിക്ക് തുല്യമായ കാലത്തേക്കാണ് വിസിറ്റ് വിസകള്‍ നീട്ടിനല്‍കുന്നത്. വിസിറ്റ് വിസക്കാര്‍ സൗദിയില്‍ തങ്ങുന്ന പരമാവധി കാലം 180 ദിവസം കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രാജ്യത്ത് 180 ദിവസത്തിലധികം കഴിഞ്ഞവരുടെ വിസകളും ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിച്ചുനല്‍കും.
വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തതിനാല്‍ സൗദിയില്‍ കുടുങ്ങിയ സന്ദര്‍ശകരുടെ വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് നേരത്തെ ജവാസാത്ത് അറിയിച്ചിരുന്നു. വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും ഇതിന് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കണമെന്നുമാണ് ജവാസാത്ത് അറിയിച്ചിരുന്നത്.
ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കാതെ ഓണ്‍ലൈന്‍ വഴി വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിക്കുന്നതിന് അവസരമൊരുക്കുകയാണ് ജവാസാത്ത് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പുതിയ സേവനം വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറെ ആശ്വാസകരമാകും.
കാലാവധി അവസാനിക്കുന്നതിന് ഏഴും അതില്‍ കുറവും ദിവസം ശേഷിക്കെയാണ് വിസിറ്റ് വിസകള്‍ ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിക്കേണ്ടത്. ഇതിന് വിസയിലെ കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിലധികം പിന്നിടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ടെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
പുതിയ സേവനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ഇ-മെയിലിലോ സാമൂഹികമാധ്യമങ്ങളിലെ ജവാസാത്ത് അക്കൗണ്ടുകള്‍ വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.