Sorry, you need to enable JavaScript to visit this website.

പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു; ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു

കൊച്ചി- പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്കേസെടുത്തു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റിനോടും പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് നേരത്തെ പ്രതി ചേർത്തിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ നോട്ട് നിരോധന സമയത്ത് പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എൻഫോഴ്സ്മെന്റിന് ലഭിച്ച പരാതി.

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിൽ ദിവസങ്ങൾക്ക് മുമ്പ് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

പാർട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ കൈമാറിയ പണം തന്റേതല്ലെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം. വാർഷിക പ്രചാരണ ക്യാമ്പയിൻ വഴി പാർട്ടി മുഖപത്രം കോടികൾ സമാഹരിക്കുന്നുണ്ടെന്നും ഇത്തരത്തിൽ കിട്ടിയ പണമാണിതെന്നുമാണ്  അദ്ദേഹം വ്യക്തമാക്കിയത്.

Latest News