ന്യൂദല്‍ഹി- ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എന്‍.പി.ആറിനെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനം ഉള്‍ക്കൊള്ളുന്ന 13 സംസ്ഥാനങ്ങളും ദല്‍ഹിയും എന്‍.പി.ആറിലെ ചോദ്യങ്ങള്‍ സംബന്ധിച്ച എതിർപ്പ് തുടരുകയാണ്. കേന്ദ്രം തയാറാക്കിയ എന്‍.പി.ആർ ചോദ്യാവലി ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള തുടക്കമായാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാഴ്ചക്കുശേഷം ഏപ്രില്‍ ഒന്നു മുതലാണ് കണക്കെടുപ്പ് ആരംഭിക്കേണ്ടത്.
കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ സെന്‍സസ് പ്രക്രിയ നിർത്തിവെച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കാമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ യാഴ്ച പാർലമെന്‍റില്‍ പറഞ്ഞിരുന്നുവെങ്കിലും ഭാവയില്‍ പ്രശ്നങ്ങള്‍ നേരിടാതിരിക്കാന്‍ ഇത് ഗ്യാരണ്ടിയല്ലെന്നാണ് മുഖ്യമന്ത്രിമാരും ആക്ടിവിസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത്.
എന്‍.പി.ആർ ഫോറത്തില്‍ ഉള്‍പ്പെടുത്തിയ പുതിയ ചോദ്യങ്ങളെ കുറിച്ച് ആശങ്ക അറിയിച്ച സംസ്ഥാനങ്ങളുമായി ചർച്ച നടക്കുകയാണെന്ന് മാർച്ച് മൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. എന്നാല്‍ സംശയാസ്പദമായ വിവാദ ചോദ്യങ്ങളെ കുറിച്ച് പിന്നീട് സർക്കാരിന്‍റെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.
അവസാനം താമസിച്ച വീട്, മാതൃഭാഷ, ആധാർനമ്പർ (നിർബന്ധമില്ല), മൊബൈല്‍ നമ്പർ, പാസ്പോർട്ട്, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസന്‍സ് നമ്പർ, മാതാപിതാക്കളുടെ ജനന തീയതിയും സ്ഥലവും തുടങ്ങിയ ചോദ്യങ്ങള്‍ കൂടുതലായി ചേർത്തതായി 2020 ലെ എന്‍.പി.ആർ അപ്ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച് ഫെബ്രുവരി 18-ന് ആഭ്യന്തര മന്ത്രാലയം പാർലമെന്‍റ് സമിതി മുമ്പാകെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാർ ഇതുവരെ എന്‍.പി.ആർ ഫോമിന്‍റെ മാതൃക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്നും നിർബന്ധമില്ലെന്ന് പറയുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി ഈ മാസം ആദ്യം പറഞ്ഞിരുന്നു. വിവരങ്ങളും രേഖകളും നല്‍കുന്നില്ലെങ്കില്‍ സംശയാസ്പദമെന്ന് രേഖപ്പെടുത്തി പോകുകയായിരിക്കുമെന്നും മമത പറഞ്ഞിരുന്നു. എന്നാല്‍ ആർക്കും ഡി രേഖപ്പെടുത്തില്ലെന്നാണ് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞത്.
എന്നാല്‍ എന്‍.പി.ആർ വിവരങ്ങള്‍ നല്‍കാത്തത് കുറ്റകൃത്യമാണെന്നും നിലവിലെ എന്‍.പി.ആർ വെച്ച് യഥാർഥ പൗരന്മാരേയും സംശയമുള്ളവരേയും വേർതിരിക്കുമെന്നും സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവും ഹർഷ് മന്ദറും ചൂണ്ടിക്കാണിക്കുന്നു.