ന്യൂദൽഹി- പ്രതിപക്ഷത്തിന്റെ അയ്യേ നാണക്കേട് വിളികൾക്കിടയിലൂടെ രാജ്യസഭാംഗമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു. നാലു മാസം മുമ്പാണ് ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത്‌നിന്ന് വിരമിച്ചത്. നീതിന്യായ വ്യവസ്ഥയുടെ കാര്യങ്ങൾ നിയമനിർമാണ സഭയുടെ മുന്നിലേക്കും തിരിച്ചും എത്തിക്കാനാണ് താൻ സഭയിൽ എത്തുന്നത് എന്നായിരുന്നു ഗൊഗോയ് പുതിയ സ്ഥാനലബ്ധിയെ പറ്റി നേരത്തെ പ്രതികരിച്ചിരുന്നത്. ഭരണഘടനക്ക് നേരെയുള്ള ഗുരുതരവും മാപ്പർഹിക്കാത്തതുമായ ആക്രമണമാണ് ഗൊഗോയിയുടെ നിയമനം എന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ജുഡീഷ്യറിയിൽ സാധാരണക്കാരനുള്ള വിശ്വാസം നഷ്ടപ്പെടാൻ മാത്രമേ ഗൊഗോയിയുടെ നിയമനം വഴിവെക്കൂവെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫും പ്രതികരിച്ചിരുന്നു.