എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, മീഡിയ - ഇവയാണല്ലോ ജനാധിപത്യത്തിന്റെ നാലു തൂണുകളായി പറയപ്പെടുന്നത്. ഇവയിൽ പൊതുസംവിധാനമല്ലാത്ത മീഡിയയെ മാറ്റിനിർത്താം. അവശേഷിക്കുന്ന മൂന്നിൽ എക്‌സിക്യൂട്ടീവും ലെജിസ്ലേറ്റീവും ഏറെക്കുറെ ജീർണിച്ച അവസ്ഥയാണ്. അൽപമെങ്കിലും പ്രതീക്ഷ നൽകുന്നത് ജുഡീഷ്യറിയാണ്. പലപ്പോഴും സുപ്രധാന വിധികളിലൂടെ ജനാധിപത്യത്തിന്റെ സംരക്ഷകരായി ജുഡീഷ്യറി രംഗത്തെത്തിയിട്ടുണ്ട്. ചിലപ്പോൾ അത് അതിരുകടന്ന് ജുഡീഷ്യൽ ആക്ടിവിസത്തിലും എത്തിയിട്ടുണ്ട്. എന്നാൽ ആ ദിവസങ്ങൾ അവസാനിക്കാൻ പോകുന്നു എന്ന സൂചനയാണ് പുറത്തു വരുന്ന വാർത്തകളിൽ കാണുന്നത്. അടുത്തയിടെ വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമാക്കാനുള്ള ബിജെപി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പ്രവചിക്കാനാവുന്നത്.
തീർച്ചയായും റിട്ടയർമെന്റിനു ശേഷം ജ്ഡ്ജിമാർക്ക് അധികാരസ്ഥാനങ്ങൾ നൽകുന്നത് ആദ്യാനുഭവമല്ല. ഇപ്പോഴത്തെ ഈ നീക്കത്തെ ന്യായീകരിക്കാൻ പലരും ചൂണ്ടിക്കാട്ടുന്നത് 1984 ലെ ദൽഹി സിക്ക് കൂട്ടക്കൊലയിൽ രാജീവ് ഗാന്ധി സർക്കാറിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ ജസ്റ്റിസ് രംഗനാഥ് മിശ്രയെ കോൺഗ്രസ് രാജ്യസഭാംഗമാക്കിയ സംഭവമാണ്. അങ്ങനെ നടന്നിട്ടുണ്ട്.
പക്ഷേ അത് എത്രയോ വർഷങ്ങൾക്കു ശേഷമായിരുന്നു. ഇതാകട്ടെ വരമ്പത്തു തന്നെ കൂലി കൊടുക്കുന്നതു പോലെയായി. അതിനാൽ തന്നെ ഇത് നിഷ്‌കളങ്കമെന്നു കരുതാനാവില്ല. ഈ വിഷയത്തിൽ സംഘ്പരിവാറിന്റെ, പ്രത്യേകിച്ച് മോഡിയുടേയും അമിത് ഷായുടേയും ചരിത്രം കുറ്റമറ്റതുമല്ലല്ലോ.
സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജസ്റ്റിസ് ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദൂരൂഹ മരണം മറക്കാറായിട്ടില്ലല്ലോ. വിചാരണ സമയത്ത് അമിത് ഷാ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിന്റെ പേരിൽ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടർന്നാണ് 2014 ജൂണിൽ ജസ്റ്റിസ് ലോയ സി.ബി.ഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേൽക്കുന്നത്.
എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരുന്നതെന്ന് ജസ്റ്റിസ് ലോയ വിചാരണ വേളയിൽ ചോദിച്ചിരുന്നു. അമിത് ഷാ സംസ്ഥാനത്തുണ്ടാവുന്ന സന്ദർഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കണമെന്നു പ്രതിഭാഗം അഭിഭാഷകനോടു ലോയ നിർദേശിച്ചിരുന്നു. വിചാരണയ്ക്കിടെ 2014 ഡിസംബർ ഒന്നിന് നാഗ്പുരിൽവെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.
കേസിൽ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ തന്റെ സഹോദരന് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നൽകിയതായി ലോയയുടെ സഹോദരിയായ അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തിനു ശേഷം ജസ്റ്റിസ് എം.ബി. ഗോസാവിയാണ് സൊഹ്റാബുദ്ദീൻ കേസിന്റെ വിചാരണ കേൾക്കുന്നതിനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റിസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു.
മക്ക മസ്ജിദ്, മാലേഗാവ്, അജ്മീർ, സംഝോത സ്ഫോടനങ്ങൾ തങ്ങൾ നടത്തിയതാണെന്നും അതിന്റെ വിശദമായ പ്ലാനിംഗിൽ ആർ.എസ്.എസിന് പങ്കുണ്ടെന്നും അഭിമാനപൂർവം പറഞ്ഞിട്ടുള്ള അസീമാനന്ദ അടക്കമുള്ള പ്രതികളെ എൻ.ഐ.എ കോടതി വെറുതെ വിട്ടു സംഭവവും ഇപ്പോൾ ഓർക്കാവുന്നതാണ്. വിധി പറഞ്ഞ ജഡ്ജി കുറ്റബോധം താങ്ങാതെയാകണം രാജിവെച്ചു പോകുകയായിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ രാജി നിഷേധിക്കപ്പെട്ട് ജോലിയിൽ പുനഃപ്രവേശിക്കാൻ അദ്ദേഹം നിർബന്ധിതനായി.
മറ്റൊരു ലോയ ആകാതിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചുകാണും. ഗുജറാത്ത് വംശഹത്യയിൽ ഏറ്റവും ഭയാനകവും, ക്രൂരവും ആയ നരോദപാട്യ കൂട്ടക്കൊല ആസൂത്രണം ചെയ്തവരിൽ പ്രധാനിയായ മായാ കൊട്നാനി എന്ന അന്നത്തെ സംസ്ഥാന സഹമന്ത്രിയെ, ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടതും സംശയകരമാണ്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അമിത് ഷായെ കുറ്റവിമുക്തമാക്കിയതിനുള്ള പ്രതിഫലമല്ലാതെ മറ്റെന്താണ് സദാശിവത്തിന്റെ കേരള ഗവർണർ സ്ഥാനം. ഗുജറാത്ത് വംശഹത്യയുടെ കുറ്റവിചാരണയിൽ നിന്നും മോഡിയെ ഒവിവാക്കിയ മുൻ സി ബി ഐ മേധാവിയെ ഇന്ത്യൻ സ്ഥാനപതിയാക്കിയതും അടുത്ത കാലത്തായിരുന്നു.
ഇത്തരത്തിലുള്ള പല സംഭവങ്ങളുടെയും തുടർച്ച തന്നെയാണ് രഞ്ജൻ ഗോഗായിയുടെ സ്ഥാനലബ്ധി. ഏതാനും ദിവസം മുമ്പ് ദൽഹിയിൽ നടന്ന വംശീയ കൂട്ടക്കൊലയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് എസ്. മുരളീധറിനെ രാത്രി തന്നെ സ്ഥലം മാറ്റിയ സംഭവവും കൂട്ടി വായിക്കാവുന്നതാണ്. അനുസരിച്ചില്ലെങ്കിൽ എന്ത്, അനുസരിച്ചാൽ എന്ത് എന്നാണ് ഇതു രണ്ടും പറഞ്ഞുതരുന്നത്. അതുകൊണ്ടാകാം നരേന്ദ്ര മോദിയെ പരസ്യമായി സ്തുതിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര തയാറായത്.
ഇനി ജസ്റ്റിസ് രഞ്ജൻ ഗോഗായിയിലേക്കു തിരിച്ചുവരാം. കശ്മീരിനെ തടവറയാക്കിയതിനെതിരായ ഹരജിയിൽ എന്തിനാണ് കാശ്മീരിൽ പോകാൻ തിടുക്കം, അവിടെ തണുപ്പല്ലേ എന്ന് ചോദിച്ചത് ഇദ്ദേഹമായിരുന്നു. അതാണോ ഒരു ജഡ്ജിയിൽ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്? റഫേൽ, അയോധ്യ, ശബരിമല വിധികളിലെല്ലാം ഇദ്ദേഹം സംഘപരിവാർ താൽപര്യം സംരക്ഷിക്കുകയായിരുന്നല്ലോ. സത്യത്തിൽ അയോദ്ധ്യ കേസിൽ ഇദ്ദേഹം ചെയ്ത സഹായത്തിന് ഈ സ്ഥാനം മതിയോ എന്നത് സംശയമാണ്. ഇതിനെല്ലാം മുമ്പ് ലൈംഗിക പീഡന കേസിൽ പെട്ടിരുന്ന ഇദ്ദേഹത്തെ കേന്ദ്രം ബ്ലാക് മെയിൽ ചെയ്യാനാരംഭിച്ചിരുന്നതായി വാർത്തയുണ്ടായിരുന്നല്ലോ.
വല്ലപ്പോഴാണെങ്കിലും തങ്ങൾക്കെതിരെ ഉയരുന്ന നീതിപീഠത്തേയും നിശ്ശബ്ദമാക്കുക എന്നതാണല്ലോ സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം. അതോടെ ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുക, ജനാധിപത്യത്തിനു പകരം ഫാസിസം നടപ്പാക്കുക, മതേതര രാഷ്ട്രത്തിനു പകരം മതരാഷ്ട്രം നിർമിക്കുക, സാമൂഹ്യനീതിയും ഫെഡറലിസവും തകർക്കുക എന്ന തങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ എളുപ്പമാകും എന്നവർക്കറിയാം. ഈ വിലക്കെടുക്കലിന്റെ ആത്യന്തിക ലക്ഷ്യം അതാണ്. നിർഭാഗ്യവശാൽ രഞ്ജൻ ഗോഗോയെ പോലുള്ളവർക്കു മുന്നിൽ മുട്ടുകുത്തുന്നു.
ഇതു നൽകുന്ന സൂചന ശുഭകരമല്ല. വരാൻ പോകുന്ന നീതി നിഷേധത്തിന്റെ നാളുകളിലേക്കാണ് ഗോഗായിയുടെ സ്ഥാനലബ്ധി വിരൽ ചൂണ്ടുന്നത്.