പഞ്ചകുല- ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് സിബിഐ കോടതി വിധി. കോടതിയില്‍ വിധികേള്‍ക്കാന്‍ ഹാജരായ റാം റഹിമിനെ ഉടന്‍ തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. നാടകീയത നീക്കങ്ങള്‍ക്കൊടുവിലാണ് വന്‍ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ ഇദ്ദേഹം കോടതിയിലെത്തിയത്. ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ചുരുങ്ങിയത് ഏഴു വര്‍ഷവും പരമാവധി 10 വരെയുമാണ് തടവ് അനുഭവിക്കേണ്ടി വരിക.
14 വര്‍ഷത്തിനു ശേഷമാണ് കേസില്‍ കോടതി വിധി വരുന്നത്. ഇദ്ദേഹത്തിന്റെ ആയിരക്കണക്കിന് അനുയായികളാണ് കോടതി പരിസരച്ച് തടിച്ചു കൂടിയത്. അതിശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് പഞ്ചാബിലും ഹരിയാനയിലുമായി പോലീസ് ഒരുക്കിയിട്ടുള്ളത്. വിധി റാം റഹിമിന് എതിരായതിനാല്‍ അനുയായികളുടെ രോഷ പ്രകടനങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതു മൂന്‍കൂട്ടി കണ്ടാണ് സൈന്യത്തെ ഉള്‍പ്പെടെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.
ഇദ്ദേഹത്തിന്റെ അനുയായികളില്‍ ആരെങ്കിലും നിയമലംഘനം നടത്തുകയോ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയോ ചെയ്താല്‍ പോലീസിനു അവരെ നേരിടാമെന്നും കേസെടുക്കാമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹരിയാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. റാം റഹിം കുറ്റക്കാരനാണെന്ന സിബിഐ കോടതി വിധി വരുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഏതു സാഹചര്യത്തേയും നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.
ഗുര്‍മീത് റാം റഹീം സിങിനെതിരേ ലൈംഗിക പീഡനം ആരോപിച്ച് അദ്ദേഹത്തിന്റെ രണ്ട് വനിതാ അനുയായികള്‍ പ്രധാനമന്ത്രി വാജിപേയിക്ക് 2002-ല്‍ അജ്ഞാത കത്തയച്ചതിനെ തുര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഈ കത്ത് സ്വമേധയാ പരിഗണിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് റാം റഹീമിനെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. സിബിഐ 18 വനിതാ അനുയായികളെ ചോദ്യം ചെയ്‌തെങ്കിലും രണ്ടു പേര്‍ മാത്രമാണ് പീഡനം നടന്നതായി മൊഴി നല്‍കിയത്. തുടര്‍ന്ന് സിബിഐ 2007-ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.