ജക്കാർത്ത- കൊറോണ വ്യാപന ഭീതി നിലനില്‍ക്കെ ജനക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന നിർദേശം മിക്ക രാജ്യങ്ങളിലും നിലനില്‍ക്കെ ഇന്തോനേഷ്യയില്‍ തബ് ലീഗ് സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളാണ് സൗത്ത് സുലവേസിയിലെ ഗോവയിൽ ഒത്തുചേർന്നിരിക്കുന്നത്.
സമ്മേളനം ആരംഭിച്ചു കഴിഞ്ഞുവെന്നും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച മലേഷ്യയിൽ നടന്ന തബ് ലീഗ് സമ്മേളനം 500 പേർക്ക് കൊറോണ വൈറസ് ബാധക്ക് കാരണമായെന്ന കാര്യം പോലും സംഘാടകർ കണക്കിലെടുത്തില്ലെന്ന് പോലീസ് കുറ്റപ്പെടുത്തി.
ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. പരിപാടി ആരംഭിച്ചുകഴിഞ്ഞെങ്കിലും അവസാനിപ്പിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചു വരികയാണെന്ന് പ്രാദേശിക പോലീസ് മേധാവി പറഞ്ഞു. സമ്മേളനം മാറ്റിവെനുള്ള അധികൃതരുടെ അഭ്യർഥന സംഘാടകർ നിരസിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥൻ ആരിഫുദ്ദീൻ സെയ്നി പറഞ്ഞു.
തങ്ങള്‍ ദൈവത്തെയാണ് കൂടുതല്‍ ഭയപ്പെടുന്നതെന്നാണ് വൈറസ് പടരുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് സംഘാടകരിലൊരാളായ മുസ്താരി ബഹ്‌റാനുദ്ദീൻ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. എല്ലാവരും മനുഷ്യരായതിനാൽ രോഗങ്ങളെയും മരണത്തെയും ഭയപ്പെടുന്നു, എന്നാല്‍ അതിനപ്പുറം ശരീരത്തിലുപരി ആത്മാവ് കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവിശ്യാ നഗരമായ മകാസ്സറിനടുത്തുള്ള ഗോവയിൽ ഇതിനകം 8,695 പേർ ഒത്തുകൂടിയതായാണ് കണക്ക്. സമ്മേളന നടപടികൾ നിർത്തലാക്കുന്നത് ബുദ്ധിമുട്ടാണെന്നും ജനങ്ങള്‍ വന്നുകൊണ്ടിരിക്കയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തായ് ലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചേർന്നവരുമുണ്ട്. ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്നു വരെ മലേഷ്യയില്‍ നടന്ന പരിപാടിയിൽ 16,000 പേർ പങ്കെടുത്തിരുന്നു. ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും സമ്മേളനങ്ങളുടെ സംഘാടകർ തബ് ലീഗ് ജമാഅത്താണ്.
മലേഷ്യയിൽ കോവിഡ് ബാധ സ്ഥിരീകരിച്ച 790 പേരില്‍ ബഹു ഭൂരിഭാഗവും തലസ്ഥാനമായ ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തെ ഒരു പള്ളി സമുച്ചയത്തില്‍നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. അയല്‍രാജ്യമായ ബ്രൂണെയില്‍നിന്നെത്തിയ 50 പേർക്കും അണുബാധ സ്ഥിരീകരിച്ചു. കംബോഡിയ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ് ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നെത്തയവർക്കും ഇവിടെനിന്ന് രോഗം ബാധിച്ചതായി പറയുന്നു.
മുൻകരുതലായി ഇന്തോനേഷ്യയിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ താപനില തങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് സംഘാടകർ പറയുന്നു. ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതായും പങ്കെടുക്കുന്നവരെ നിരീക്ഷിക്കാൻ ആവശ്യപ്പെട്ടതായും ആരിഫുദ്ദീന്‍ സെയ്നി പറഞ്ഞു.
ബുധനാഴ്ചയോടെ, ഇന്തോനേഷ്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 227 ആയിട്ടുണ്ട്. 19 പേരാണ് മരിച്ചത്. 260 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ചൊവ്വാഴ്ച 1,255 ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്. ഇതിനു വിപരീതമായി, അഞ്ചിലൊന്ന് വലുപ്പമുള്ള ദക്ഷിണ കൊറിയ ഒരു ദിവസം 15,000 ത്തിലധികം പരിശോധനകള്‍ നടത്തുന്നുണ്ട്.
വിവിധ ഗ്രൂപ്പുകളാണ് ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെങ്കിലും ഉദ്ദേശ്യം ഒന്നാണെന്നും മുസ്താരി ബഹ്‌റാനുദ്ദീൻ പറഞ്ഞു. രണ്ട് സമ്മേളനങ്ങളും ഒരേ സോഷ്യൽ മീഡിയ അക്കൌണ്ട് ഉപയോഗിച്ചാണ് പ്രചരിപ്പിച്ചത്. ഇന്തോനേഷ്യയിലെ സമ്മേളനത്തിനെത്തിയ ഇന്ത്യൻ തബ് ലീഗ് പണ്ഡിതന്‍ ശൈഖ് മൗലാന ഇബ്രാഹിം ദേവ്‌ലയെ സ്വീകരിച്ച് കൊണ്ടുപോകുന്ന ഫോട്ടോ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. പന്തലുകളും തമ്പുകളും സ്ഥാപിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ വളണ്ടിയർമാരുടെ ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മരണാനന്തര ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ലോകത്ത് ജീവിക്കുന്നതിന്റെ സന്തോഷം അൽപം മാത്രമാണെന്ന് ഉണർത്തുന്നതാണ് സംഘടനയുടെ പ്രചാരണ ലഘുലേഖയെന്നും റോയിട്ടേഴ്സ് റിപ്പോർട്ടില്‍ പറയുന്നു.