പാഞ്ച്കുല- ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് പ്രതിയായ മാനഭംഗക്കേസില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം വിധി പറയാനിരിക്കെ ഹരിയാനയിലും പഞ്ചാബിലും പോലീസും സൈന്യവും അതീവ ജാഗ്രതയില്‍. രണ്ട് വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയെന്ന റാം റഹീമിനെതിരായ കേസില്‍ പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറയുക. ഇന്ന് ഹാജരാകാനും കോടതി റാം റഹീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ കോടതിയില്‍ ഹാജരാകുമെന്ന് റാം റഹീം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റോഡിലും പൊതു സ്ഥലങ്ങളിലും കൂട്ടമമായെത്തിയ അനുയായികളോട് പിരിഞ്ഞു പോകാനും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
റാം റഹീമിന് പിന്തുണ പ്രഖ്യാപിച്ച ലക്ഷക്കണക്കിന് അനുയായികള്‍ കൂട്ടത്തോടെ റോഡുകളും പൊതുസ്ഥലങ്ങളും കയ്യേറിയതോടെ അധികൃതര്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ചണ്ഡിഗഡിലും മറ്റിടങ്ങളിലുമായി പതിനയ്യായിരത്തോളം പോലീസിനെയും അര്‍ധസൈനികരേയുമാണ് വിന്യസിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയും പോലീസിന്റെ നീരീക്ഷണത്തിലാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ചണ്ഡീഗഡിലെ ദേരാ കേന്ദ്രമായ നാം ചര്‍ച്ചാഘറില്‍ ഒരു ലക്ഷത്തോളം അനുയായികളാണ് എത്തിയിട്ടുള്ളത്. നഗരത്തിലെ മൂന്ന് പ്രധാന സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി വിധി റാം റഹീമിനെതിരായാല്‍ അനുയായികള്‍ ആക്രമണമഴിച്ചുവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ആക്രമികളെ ഒന്നിച്ചു തടവിലാക്കാന്‍ സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കിയത്. സിര്‍സയില്‍ നിന്ന് പഞ്ച്കുലയിലേക്കുള്ള 250 കിലോമീറ്റര്‍ റോഡില്‍ 20 കമ്പനി അര്‍ധസൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള റാം റഹീമിനെ കാണാന്‍ ഈ വഴിയിലുടനീളം അനുയായികള്‍ കൂട്ടംകൂടിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ദേര സച്ച സൗദ ആസ്ഥാനമായ സിര്‍സയില്‍ ഹരിയാന സര്‍ക്കാര്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് 72 മണിക്കൂര്‍ നിരോധനവുമുണ്ട്. ചണ്ഡീഗഡ്, സിര്‍സ, പഞ്ച്കുല പ്രദേശങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലാണ്. മുന്‍കരുതലെന്ന നിലയില്‍ പഞ്ചാബിനും ഹരിയാനക്കുമിടയിലെ 29 ട്രെയിനുകള്‍ റദ്ദാക്കി. പഞ്ച്കുല ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശിച്ചു. ട്രെയിനുകളെ കൂടാതെ ബസ് സര്‍വീസുകള്‍ റദ്ദാക്കിയതും പൊതുജനത്തെ വലച്ചു.
2002-ലാണ് റാം റഹീമിനെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു വനിതാ അനുയായികളെ ഇദ്ദേഹം പീഡിപ്പിച്ചുവെന്നാരോപിച്ച് അജ്ഞാത കത്ത് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കേസന്വേഷിച്ച സിബിഐ പീഡനത്തിനിരയായവരെ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2008-ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ സമയം 2.45-നാണ് പ്രത്യേക സിബിഐ കോടതി കേസില്‍ വിധി പറയുന്നത്.