റിയാദ് - കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി രാജ്യത്തെ മസ്ജിദുകളില്‍ സംഘടിത നമസ്കാരം നിര്‍ത്തിവെക്കുകയും മസ്ജിദുകള്‍ താല്‍ക്കാലികമായി അടക്കുകയും ചെയ്തു. ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. മനുഷ്യരുടെ ജീവന് ഭീഷണിയായ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മസ്ജിദുകളില്‍ സംഘടിത നമസ്കാരങ്ങളും ജുമുഅയും നിര്‍ത്തിവെക്കുന്നതും ബാങ്ക് വിളിക്കല് മാത്രമായി പരിമിതപ്പെടുത്തുന്നതും ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നതായി ഉന്നത പണ്ഡിതസഭ അറിയിച്ചിരുന്നു.
മക്കയില്‍ വിശുദ്ധ ഹറമും മദീന മസ്ജിദുന്നബവിയും മാത്രം തുറന്നിടുകയും ഇരു ഹറമുകളിലും സംഘടിത നമസ്കാരങ്ങളും ജുമുഅകളും നടക്കുകയും ചെയ്യും. മസ്ജിദുകളില്‍ ബാങ്ക് വിളിക്കൊപ്പം നിങ്ങള്‍ വീടുകളില്‍ വെച്ച് നമസ്കാരം നിര്‍വഹിക്കണം എന്നര്‍ഥം വരുന്ന വാചകം ഉയര്‍ത്താനും നിര്‍ദേശമുണ്ട്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പകരം വീടുകളില്‍ വെച്ച് എല്ലാവരും നാലു റകഅത് ദുഹ്ര്‍ നമസ്കാരം നിര്‍വഹിക്കുകയാണ് വേണ്ടത്. രോഗവ്യാപനം തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പൂര്‍ണമായും പാലിക്കണമെന്നും ഉന്നത പണ്ഡിതസഭ ആവശ്യപ്പെട്ടു.
ലൈസന്‍സുള്ള ജുമാമസ്ജിദുകളില്‍ മയ്യിത്ത് പരിപാലന കേന്ദ്രങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. എന്നാല്‍ മയ്യിത്ത് നമസ്കാരങ്ങള്‍ ഖബര്‍സ്ഥാനുകളില്‍ മാത്രമേ അനുവദിക്കുകയുള്ളൂ. മസ്ജിദുകളില്‍ സംഘടിത നമസ്കാരം നിര്‍ത്തിവെക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഇസ്ലാമികകാര്യ മന്ത്രി മുന്നറിയിപ്പ് നല്കി.