ന്യൂദല്‍ഹി- മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാംഗത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ നിഷ്പക്ഷരല്ലെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുന്നത് നല്ലതല്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ഗോഗോയ് രാജ്യസഭാംഗമാകുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് എം.പിയായി നോമിനേറ്റ് ചെയ്തതിനെ വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂറും രംഗത്തെത്തി. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ അത്ഭുതമില്ല. എന്നാല്‍ ഇത്ര പെട്ടെന്ന് തന്നെ നാമനിര്‍ദേശം ഉണ്ടായതാണ് അത്ഭുതപ്പെടുത്തുന്നത്. ഈ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, ധാര്‍മികത എന്നിവയെ പുനര്‍നിര്‍വചിക്കുകയാണ്. അവസാന കോട്ടയും വീണോ എന്നും മദന്‍ ബി. ലോകൂര്‍ ചോദിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ അസാധാരണ വാര്‍ത്താസമ്മേളനം നടത്തിയ നാലു സുപ്രീംകോടതി ജഡ്ജിമാരില്‍ ജസ്റ്റിസ് ഗോഗോയിയും മദന്‍ ബി ലോകൂറും ഉള്‍പ്പെടുന്നു. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയില്‍നിന്ന് വിരമിച്ച് നാലുമാസത്തിനകമാണ് ജസ്റ്റിസ് ഗോഗോയിയെ തേടി രാജ്യസഭാംഗത്വമെത്തിയത്. അസമിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശബ് ചന്ദ്ര ഗോഗൊയിയുടെ മകനാണ് രഞ്ജന്‍ ഗോഗോയി. അയോധ്യ കേസിലടക്കം നിര്‍ണായക വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ്.
രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയെ രാജ്യസഭയിലേക്ക് നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു. 1991 ല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച രംഗനാഥ മിശ്ര, 1998 മുതല്‍ ആറുവര്‍ഷം രാജ്യസഭാംഗമായിരുന്നു.