Sorry, you need to enable JavaScript to visit this website.

വധശിക്ഷ വൈകിപ്പിക്കാനുള്ള നിര്‍ഭയ പ്രതിയുടെ ശ്രമത്തിനു തിരിച്ചടി; അഭിഭാഷകന് വിമര്‍ശം

ന്യൂദല്‍ഹി- വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ പുതിയ ഹരജി ദല്‍ഹി കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. രാജസ്ഥാനില്‍നിന്ന് മറ്റൊരു കേസില്‍ അറസ്റ്റുചെയ്ത മുകേഷ് സിംഗിനെ 2012 ഡിസംബര്‍ 17-നാണ് ദല്‍ഹിയില്‍ എത്തിച്ചതെന്നും നിര്‍ഭയ കേസിന് ആസ്പദമായ കുറ്റകൃത്യം നടന്ന ഡിസംബര്‍ 16 ന് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ഹരജിയില്‍ അവകാശപ്പെട്ടിരുന്നത്.

വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹരജി സമര്‍പ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. തിഹാര്‍ ജയിലില്‍ കടുത്ത പീഡനം നേരിടേണ്ടി വന്നുവെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ അവകാശവാദങ്ങളെല്ലാം കോടതി തള്ളി.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹരജി സമര്‍പ്പിച്ചതിന്റെ പേരില്‍ മുകേഷ് സിംഗിന്റെ അഭിഭാഷകന്‍ എം.എല്‍ ശര്‍മയെ കോടതി വിമര്‍ശിക്കുയും ചെയ്തു. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാക്കുന്നതിനുവേണ്ടി പ്രോസിക്യൂഷന്‍ തെളിവുകള്‍ പലതും മറച്ചുവച്ചുവെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു. മുകേഷ് സിംഗിന്റെ അഭിഭാഷകന്‍ എം.എല്‍ ശര്‍മയുടെ നടപടികള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഈ മാസം 20 ന് രാവിലെ 5.30 ന് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനിരിക്കെയാണ് വധശിക്ഷ വൈകിപ്പിക്കാനുള്ള പ്രതി പുതിയ തന്ത്രം പ്രയോഗിച്ചത്.   മുകേഷ് സിംഗ്  ഒഴികെയുള്ള മറ്റു മൂന്നു പ്രതികള്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

 

 

 

 

Latest News