ഗുവാഹത്തി- മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്ന് വന്‍ വിവാദ ചര്‍ച്ചകളാണ് നടക്കുന്നത്.ഗൊഗോയിയുടെ നാമനിര്‍ദേശത്തെ അസാധാരണ നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ ഇപ്പോള്‍ താന്‍ എന്തിനാണ് രാജ്യസഭ അംഗത്വം സ്വീകരിച്ചതെന്ന് നാളെ തുറന്ന് പറയുമെന്നാണ് ഗൊഗോയ് പറയുന്നത്. നാളെ താന്‍ ദല്‍ഹിയിലെത്തും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശേഷം താന്‍ എന്തിനാണ് ഈ ഓഫര്‍ സ്വീകരിച്ചതെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറയുമെന്നാണ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചത്. ഗുവാഹത്തിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യ നിര്‍മാണത്തിന് നിയമനിര്‍മാണ സഭയും ജുഡീഷ്യറിയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് വിശ്വസിക്കുന്നു. അക്കാര്യത്തില്‍ ശക്തമായ ബോധ്യമുള്ളതിനാലാണ് താന്‍ രാജ്യസഭാംഗം ആകാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റിലെ തന്റെ സാന്നിധ്യം ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകള്‍ നിയമസഭയ്ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമായിരിക്കുമെന്നും അദേഹം പറഞ്ഞു. പതിമൂന്ന് മാസത്തോളം സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് കഴിഞ്ഞ നവംബറിലാണ് വിരമിച്ചത്.
2018 ജനുവരിയില്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ ആദ്യമായി പത്രസമ്മേളനം നടത്തിയ നാല് സിറ്റിങ് കോടതി ജഡ്ജിമാരില്‍ രഞ്ജന്‍ ഗൊഗോയും ഉണ്ടായിരുന്നു. ചില കേസുകള്‍ ചില ജഡ്ജിമാര്‍ക്ക് മാത്രം നല്‍കാന്‍ ദീപക് മിശ്ര ഇടപെടുന്നുവെന്നായിരുന്നു അന്ന് അവര്‍ ആരോപിച്ചിരുന്നത്. വിവാദമായ കേസുകള്‍ ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്ക് മന:പൂര്‍വ്വം നല്‍കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. നിലവില്‍ സെലിബ്രിറ്റികളോ കലാ,കായിക മേഖലയിലെ പ്രതിഭകളോ മാത്രമാണ് രാജ്യസഭയിലേക്ക് നേരിട്ട് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ ആദ്യമായാണ് ഒരു ജുഡീഷ്യറിയിലെ അംഗത്തിന് രാജ്യസഭാ അംഗത്വം നല്‍കുന്നത്.