ന്യൂദല്‍ഹി- നിര്‍ഭയ ബലാത്സംഗത്തിനിരയായ 2012 ഡിസംബര്‍ 16ന് താന്‍ ദല്‍ഹിയിലുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതികളിലൊരാളായ മുകേഷ് സിംഗ് ഹൈക്കോടതയില്‍ പുതിയ ഹരജി നല്‍കി.
കുറ്റകൃത്യം നടന്ന ദിവസം ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് സിംഗിന്റെ അഭിഭാഷകന്‍ എം.എല്‍. ശര്‍മയാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം അവശേഷിക്കെയാണ് പ്രതിയുടെ പുതിയ നീക്കം. 20 ന് പുലര്‍ച്ചെ 5.30 നാണ് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. മുകേഷ് സിംഗ് ഒഴികെയുള്ള മറ്റു മൂന്നു പ്രതികള്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
പീഡനം നടന്ന ഡിസംബര്‍ 16ന് ദല്‍ഹിയില്‍ ഇല്ലാതിരുന്നതിനാല്‍ വധശിക്ഷ ഒഴിവാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദല്‍ഹിയില്‍ ഇല്ലായിരുന്ന തന്നെ രാജസ്ഥാനില്‍നിന്ന് അറസ്റ്റു ചെയ്ത് ഡിസംബര്‍ 17ന് ദല്‍ഹിയില്‍ കൊണ്ടുവരികയായിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. തിഹാര്‍ ജയിലില്‍ ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നെന്നും ഹരജിയില്‍ ബോധിപ്പിക്കുന്നുണ്ട്. മുകേഷ് സിംഗിന്റെ ഹരജി ബാലിശമാണെന്നും വധശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.