Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി ഒരു കോടി പിരിക്കാനൊരുങ്ങി കപില്‍ മിശ്ര

ന്യൂദല്‍ഹി- വിദ്വേഷ പ്രസംഗങ്ങളിലൂടെ ദല്‍ഹി കലാപത്തിനു വഴിമരുന്നിട്ടുവെന്ന ആരോപണം നേരിടുന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്ര കലാപത്തിനിരയായ ഹിന്ദുക്കള്‍ക്ക് വേണ്ടി 71 ലക്ഷത്തിലേറെ രൂപ പിരിച്ചു. താല്‍ക്കാലിക സഹായം നല്‍കാന്‍ പിരിച്ച ഈ തുകക്കു പുറമെ ഒരു കോടി രൂപ കൂടി ലക്ഷ്യമിട്ട് കപില്‍ മിശ്ര പിരിവ് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കപില്‍ മിശ്ര മൗജ്പൂരിലേക്ക് നയിച്ച റാലിയെ തുടര്‍ന്നാണ് സമീപ പ്രദേശമായ ജാഫറാബാദില്‍ ആക്രമണം തുടങ്ങിയത്. പ്രദേശത്തുനിന്ന് സി.എ.എ സമരക്കാരെ നീക്കാന്‍ ഇദ്ദേഹം ദല്‍ഹി പോലീസിന് അന്ത്യശാസനവും നല്‍കിയിരുന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് തോറ്റ കപില്‍ മിശ്രക്കെതിരെ ഇതവരെ വിദ്വേഷ പ്രസംഗത്തിനു കേസ് ഫയല്‍ ചെയ്തിട്ടില്ല. 53 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദല്‍ഹി കലാപത്തില്‍ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതോപാധികളും തകര്‍ക്കപ്പെട്ടിരുന്നു.
150 ഹിന്ദു കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ കലാപത്തില്‍ നഷ്ടപ്പെട്ടുവെന്നും അവരുടെ കാര്യം സംസാരിക്കാന്‍ ഇവിടെ ആരുമില്ലെന്നും കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ദല്‍ഹി ഹിന്ദുക്കള്‍ക്ക് ഒരു കോടിയെന്ന ട്വിറ്റര്‍ ഹാഷ് ടാഗ് വന്‍പിന്തുണയാണ് നേടിയത്.
ദല്‍ഹി കലാപത്തിനിരയായവരെ സഹായിക്കാന്‍ നിരവധി സംഘടനകളും വ്യക്തികളും മതത്തിന്റെ പേരു പറയാതെ സംഭാവനകള്‍ ശേഖരിക്കുമ്പോഴാണ് കപില്‍ മിശ്രയുടെ ഹിന്ദുക്കള്‍ക്കു മാത്രമായുള്ള ഫണ്ട് ശേഖരണം.
80 കുടുംബങ്ങള്‍ക്കായി 1.42 കോടി രൂപ ശേഖരിച്ചതായി അഭിഭാഷകനായ ദുഷ്യന്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റ് വഴിയാണ് കപില്‍ മിശ്ര ഇതിനകം 70 ലക്ഷത്തിലേറെ രൂപ സ്വരൂപിച്ചിരിക്കുന്നത്. കലാപത്തിരയായ കുടുംബത്തിന് 15 ലക്ഷം രൂപ വീതം നല്‍കുകയാണ് ലക്ഷ്യമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. കലാപത്തിനിരയായ നിരവധി പേരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും തുകയില്‍ മാറ്റം വരാമെന്നും സൈറ്റില്‍ പറയുന്നുണ്ട്. വളണ്ടിയര്‍ സംഘടനയായ ധര്‍മ കോശും കപില്‍ മിശ്രയുടെ സംഘവുമാണ് സംഭാവനകള്‍ ശേഖരിക്കുന്നത്.
കപില്‍ മിശ്ര സംഘടിപ്പിച്ച സി.എ.എ അനുകൂല റാലികളില്‍ ഉയര്‍ത്തിയ വിദ്വേഷ മുദ്രാവാക്യങ്ങളും അദ്ദേഹത്തിന്റെ പ്രസംഗവും പരിശോധിച്ചുവരികയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നത്. ഡിസംബറില്‍ നടത്തിയ റാലിയില്‍ ഗോലി മാരോ സാലോംകെ എന്ന് കപില്‍ മിശ്ര വിളിക്കുന്നത് വീഡിയോകളില്‍ പകര്‍ത്തിയിരുന്നു. വിദ്വേഷ പ്രസംഗം താന്‍ കേട്ടിട്ടില്ലെന്ന് ദല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ദല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന് കോടതി മുറിയില്‍ വീഡിയോ ക്ലിപ് പ്രദര്‍ശിപ്പിച്ചതും വാര്‍ത്തയായിരുന്നു. ദല്‍ഹി കലാപത്തില്‍ പോലീസ് നടപടി സ്വീകരിക്കാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്നും വിദ്വേഷ പ്രസംഗം നടത്തിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദറാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

Latest News