ന്യൂദല്‍ഹി- നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷക്ക് എതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. മനുഷ്യാവകാശവും സാമാന്യനീതിയും തങ്ങള്‍ക്ക് ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര കോടതിക്ക് പ്രതികള്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി വീണ്ടും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതി തള്ളിയിരുന്നു.
ഈ സാഹചര്യത്തില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്നത് മുന്‍കൂട്ടി കണ്ടാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. മാര്‍ച്ച് 20ന് നാലുപേരുടെയും വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് നിലവിലുണ്ട്. യുഎന്നിന്റെ വധശിക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ ലംഘിക്കുന്നുവെന്ന് പ്രതികള്‍ക്ക് വേണ്ടി അഡ്വ എ.പി സിങ് അയച്ച കത്തില്‍ ആരോപിച്ചു. മാര്‍ച്ച് 20ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.