റിയാദ് - അഴിമതി കേസിൽ അടുത്തിടെ അറസ്റ്റിലായ ഏതാനും പ്രതികളെ കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വിട്ടയച്ചതായി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി വക്താവ് അഹ്മദ് അൽഹുസൈൻ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടയക്കുന്നതിന് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി നിർദേശിക്കുകയായിരുന്നു. ഇവരെ ജാമ്യത്തിൽ വിട്ടത് അന്വേഷണത്തെ ബാധിക്കില്ല. അഴിമതി കേസുകളിൽ പങ്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് മറ്റേതാനും പേരെയും വിട്ടയച്ചിട്ടുണ്ട്. മറ്റു ചില പ്രതികളെ വിചാരണ ആരംഭിക്കുന്നതു വരെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.
അഴിമതി കേസുകളിൽ ജഡ്ജിമാരും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അടക്കം 298 പേരെ അറസ്റ്റ് ചെയ്തതായി ഞായറാഴ്ച കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചിരുന്നു. അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും സംശയിച്ച് 800 ലേറെ പേരെ ചോദ്യം ചെയ്താണ് പ്രതികളാണെന്ന് കണ്ടെത്തിയ 298 പേരെ അറസ്റ്റ് ചെയ്തത്. കോടിക്കണക്കിന് റിയാലിന്റെ അഴിമതികൾ ഇവർ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുക പ്രതികളിൽ നിന്ന് തിരികെ ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.