മലപ്പുറം- തിരൂരിൽ ഇന്നലെ യുവാവ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് മരിച്ച സംഭവം ജില്ലയിൽ അശാന്തി പരത്തുമെന്ന് ആശങ്ക. മാസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടി കൊടിഞ്ഞിയിൽ ഫൈസൽ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ഇന്നലെ തിരൂരിൽ വെട്ടേറ്റ് മരിച്ചത്. ഫൈസൽ വധത്തിൽ വർഗീയവാദികളുടെ പങ്ക് തെളിയിക്കപ്പെട്ടിരുന്നതിനാൽ ഈ കൊലപാതകവും വർഗീയസംഘങ്ങളുടെ പകരം വീട്ടലായാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ കൊല്ലപ്പെട്ട തിരൂർ ആലത്തിയൂർ സ്വദേശി ബിബിൻ (24) ഫൈസൽ വധക്കേസിൽ രണ്ടാം പ്രതിയായിരുന്നു. കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാതായിരുന്നു.
കഴിഞ്ഞ വർഷം നവംബർ 19 നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഫൈസൽ (30) വെട്ടേറ്റ് മരിച്ചത്. നേരത്തെ അനിൽകുമാർ ആയിരുന്ന യുവാവ് പിന്നീട് ഇസ്്‌ലാം മതം സ്വീകരിച്ച് ഫൈസൽ ആവുകയായിരുന്നു. മതം മാറിയതിലുള്ള വിദ്വേഷത്തിൽ തീവ്രവാദ ഗ്രൂപ്പുകൾ ഫൈസലിനെ കൊലപ്പെടുത്തകായിരുന്നെന്നാണ് ആരോപണം. ഫൈസലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ ഇസ്്‌ലാമിക സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഗൾഫിൽ ജോലി ചെയ്തിരുന്ന ഫൈസൽ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനിരിക്കേയാണ് കൊല്ലപ്പെട്ടത്. അഞ്ചു വർഷമായി റിയാദിൽ ബദിയ്യയിൽ ഹൗസ് ഡ്രൈവറായിരുന്നു ഫൈസൽ. അവിടെവെച്ച് ഇസ്ലാം മതം സ്വീകരിച്ചു ഫൈസൽ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഫൈസലിന്റെ ഭാര്യ പ്രിയ എന്ന ജസ്ന, മക്കളായ ഫഹദ്, ഫായിസ്, ഫർസാന എന്നിവരും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
Read More: മലപ്പുറം; കഥകൾക്കപ്പുറം...
ഫൈസൽ വധത്തെ തുടർന്ന് തിരൂരങ്ങാടി മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് കടുത്ത കാവൽ ഏർപ്പെടുത്തിയിരുന്നു. കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയർന്നിരുന്നെങ്കിലും പിന്നീട് എല്ലാം ആറിത്തണുത്തിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഫെബ്രുവരിയിലാണ് ബിബിനെ ആറസ്റ്റ്‌ചെയ്തത്. ഒന്നരമാസം മുമ്പാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
ബിബിന്റെ കൊലപാതകം മേഖലയിൽ കൂടുതൽ പ്രശ്്‌നങ്ങൾക്കിടയാക്കുമെന്ന് പോലീസ് ഭയക്കുന്നുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും നേരിട്ട ഇടപെട്ട സമാധാനശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.തിരൂരുലും പരിസരത്തും ശക്തമായ പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് തിരൂർ നഗരസഭാ പരിധിയിലും തൃപ്രങ്ങോട്, തലക്കാട് പഞ്ചായത്തുകളിലും നിരോധനജ്ഞ പുറപ്പെടുവിച്ചു. തിരൂർ പോലീസ് ലൈൻ മുതൽ തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്ത് അതിർത്തി വരെയാണ് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്റ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങൾ സംഘം ചേരുന്നതിനും ആയുധങ്ങൾ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും മൃതദേഹം പ്രദർശിപ്പിക്കുന്നതിനും ദുരുദേശ്യത്തോടെ ഏതെങ്കിലും വ്യക്തിയെ പൊതുജനമധ്യത്തിൽ നിർത്തുന്നതിനും വിലക്കേർപ്പെടുത്തിയാണ് കൊലപാതകം നടന്ന വ്യാഴാഴ്ച മുതൽ എസ്.പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സാമുദായിക സംഘർഷവും ക്രമസമാധാന പ്രശ്‌നവും തടയാൻ ആവശ്യമായ മുൻകരുതലെല്ലാം പോലീസ് കൈക്കൊണ്ടിട്ടുണ്ട്. കണ്ണൂർ മുതൽ തൃശൂർ വരെയുള്ള മേഖലകളിൽ നിന്നായി 750 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരൂരിലും പരിസര പ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്. 20 മേഖലകളാക്കി തിരിച്ചാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. പട്രോളിങ്ങ്, പോലീസ് മൈബൈൽ സ്‌ക്വാഡ്, ക്യുആർടിഎസ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് പോലീസ് വിന്യാസം. ആവശ്യം വന്നാൽ തോക്ക് ഉപയോഗിക്കാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയതായി ഐ.ജി അറിയിച്ചു. പ്രകോപനപരമായ അന്തരീക്ഷമുണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രതയിലാണെന്നും തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത് കുമാർ പറഞ്ഞു.
ജില്ലയിൽ അക്രമമഴിച്ചുവിട്ടു ചോരപ്പുഴയൊഴുക്കാനുള്ള തീവ്രവാദ -മതമൗലികശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. തിരൂരിലും പരിസരത്തും അസ്വസ്ഥതകളുണ്ടാക്കാൻ ഇരുവർഗീയശക്തികളും കിണഞ്ഞുശ്രമിക്കയാണ്. ഇതിന്റെ ഭാഗമാണ് വ്യാഴാഴ്ച രാവിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലയെന്നും സി.പി.എം അഭിപ്രായപ്പെട്ടു.