ബംഗളുരു- ആത്മഹത്യ ചെയ്ത പ്രമുഖ ഇന്ത്യന്‍ വ്യവസായിയും കോഫി ഡേ എന്റര്‍പ്രൈസസ് സ്ഥാപകനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ കമ്പനി അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 270 മില്യണ്‍ യുഎസ് ഡോളര്‍ ഏകദേശം രണ്ടായിരം കോടി രൂപയുടെ കുറവുണ്ടെന്ന് കമ്പനിയുടെ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കടബാധ്യതകളെ തുടര്‍ന്ന് ഈ സംരംഭകന്‍ ജീവനൊടുക്കിയത്. മാസങ്ങളായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ബോര്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കോഫി ഡേ എന്റര്‍പ്രൈസസും സിദ്ധാര്‍ത്ഥയുടെ മറ്റ് സംരംഭങ്ങളും നടത്തിയ സാമ്പത്തിക ഇടപാടുകളും ബോര്‍ഡ് അന്വേഷിച്ചിട്ടുണ്ട്. നിലവില്‍ ഈ അന്വേഷണ റിപ്പോര്‍ട്ടിലെ ഏതാനും വിവരങ്ങള്‍ ബ്ലൂംബര്‍ഗാണ് പുറത്തുവിട്ടത്. പൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നാണ് വിവരം. നികുതി തട്ടിപ്പ് ആരോപിച്ച് സിദ്ധാര്‍ത്ഥയെ ആദായനികുതി വകുപ്പ് വേട്ടയാടിയിരുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.