തിരുവനന്തപുരം- നാലു വര്‍ഷത്തിനുശേഷം മകളുടെ മുഖം കാണാനും ശബ്ദം കേള്‍ക്കാനും സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഐ.എസില്‍ ചേരാനായി അഫ്ഗാനിലേക്ക് പോയ നിമിഷ ഫാത്തിമയുടെ ബിന്ദു.
മകള്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാറായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നപടികള്‍ ഒഴിവാക്കിത്തരണമെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റാണ് കനിയേണ്ടത്. ഇത്രയും തെളിവുകളോടെ വരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കഠിന മനസ്സുണ്ടെങ്കില്‍ അതു മാറ്റിത്തരണേ എന്നാണ് ദൈവത്തോട് പ്രാര്‍ഥിക്കുന്നതെന്ന് ബിന്ദു പറഞ്ഞു.
ജയിലിലടക്കില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് സീ ന്യൂസ് സംപേഷണം ചെയ്ത വീഡിയോ അഭിമുഖത്തിലാണ് നിമിഷ ഫാത്തിമ പറഞ്ഞത്. ഭര്‍ത്താവ് ഈസ കൊല്ലപ്പെട്ടിരുന്നു.
മതം മാറിയ ശേഷം ദുബായ് വഴിയാണ് താനും ഭര്‍ത്താവും അഫ്ഗാനില്‍ എത്തിയതെന്നും, തങ്ങളെ അതിന് സഹായിച്ചത് ഒരു പാക്കിസ്ഥാനി സ്ത്രീ ആണെന്നും ഫാത്തിമ പറയുന്നു. അഫ്ഗാനില്‍ എത്തുമ്പോള്‍ ഫാത്തിമ ഏഴ് മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞിന് ഇപ്പോള്‍ മൂന്നു വയസ്സുണ്ട്. നിലവില്‍ അഫ്ഗാന്‍ സേനയുടെ തടവിലാണ്. കുഞ്ഞിനോടൊപ്പമാണ് നിമിഷ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.