ഭോപാൽ- തിങ്കളാഴ്ച വിശ്വാസവോട്ട് തേടണമെന്ന ഗവർണറുടെ നിർദ്ദേശത്തെ തുടർന്ന് മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാരെ രാജസ്ഥാനിൽനിന്ന് തിരിച്ചെത്തിച്ചു. ജയ്പുരിലെ റിസോർട്ടിൽ കഴിയുകയായിരുന്ന എം.എൽ.എമാരെയാണ് തിരിച്ചെത്തിച്ചത്. മുഖ്യമന്ത്രി കമൽനാഥ് ഇന്ന് മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച വിശ്വാസവോട്ട് തേടണമെന്ന് ശനിയാഴ്ച ഗവർണർ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ആറു വിമതമന്ത്രിമാരുടെ രാജി സ്പീക്കർ സ്വീകരിച്ചതോടെയാണ് ഗവർണർ നിർദ്ദേശം നൽകിയത്. ഇതോടെ സംസ്ഥാന അസംബ്ലിയിൽ ഭൂരിപക്ഷം തെളിയിക്കാൻ 113 എം.എൽ.എമാരുടെ പിന്തുണ ആവശ്യമായി. നിലവിൽ കോൺഗ്രസിന് 111 പേരുടെ പിന്തുണയാണുള്ളത്. കഴിഞ്ഞ ദിവസം 22 കോൺഗ്രസ് എം.എൽ.എമാർ രാജിക്കത്ത് നൽകിയിരുന്നു. ഈ എം.എൽ.എമാർ നിലവിൽ ബംഗളൂരുവിലെ റിസോർട്ടിലാണുള്ളത്. എം.എൽ.എമാരെ തടവിൽ വെച്ച് പോലീസിനെ ഉപയോഗിച്ച് ബി.ജെ.പി മർദ്ദനം അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. സമാധാനം കാംക്ഷിക്കുന്ന മധ്യപ്രദേശ് പോലുള്ള സംസ്ഥാനത്ത് തങ്ങളുടെ എം.എൽ.എമാർ ഒരിക്കലും കുതിരക്കച്ചവടത്തിന് കൂട്ടുനിൽക്കില്ലെന്നും എന്നാൽ നിലവിൽ ബന്ദികളാക്കുന്നത് പോലുള്ള സഹചര്യമാണ് നിലവിലുള്ളതെന്നും കോൺഗ്രസ് ആരോപിച്ചു.