ന്യൂദല്‍ഹി- ഇന്ത്യയോട് പൂര്‍ണ പ്രതിബദ്ധത പുലര്‍ത്തുകയും അങ്ങനെ മക്കളെ വളര്‍ത്തുകയും ചെയ്ത താന്‍ ഇപ്പോള്‍ പേരമക്കളുടെ ചോദ്യങ്ങള്‍ക്ക് എന്തു മറുപടി നല്‍കുമെന്ന് കശ്മീര്‍ മുന്‍ മുഖ്യന്ത്രി ഫാറൂഖ് അബ്ദുല്ല ചോദിച്ചതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍മേധാവി എ.എസ്. ദുലാത്ത്.
ഏഴു മാസം തടങ്കലിലാക്കിയ ശേഷം വെള്ളിയാഴ്ചയാണ് ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചാല്‍ ഫാറൂഖ് അബ്ദുല്ല പ്രതികരിക്കുമെന്ന് അദ്ദേഹവുമായി ഫെബ്രുവരി 12-ന് രഹസ്യക്കൂടിക്കാഴ്ച നടത്തിയ ദുലാത്ത് പറയുന്നു.
1999 മുതല്‍ 2000 വരെ റിസേര്‍ച്ച് ആന്റ് അനാലിസിസ് (റോ) മേധാവിയായിരുന്ന ദുലാത്തിനെ ചര്‍ച്ചക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അറിവോടെ ആയിരുന്നു ഇതെന്ന് ദുലാത്ത് ദ വയറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മകനും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതില്‍ ഫാറൂഖ് അബ്ദുല്ല ആശങ്ക അറിയിച്ചതായും ദുലാത്ത് പറയുന്നു. ഒന്നര മണിക്കൂറോളം ഫാറൂഖ് അബ്ദുല്ലയുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഭാര്യ മോളി, മകള്‍ സഫിയ എന്നിവരേയും കണ്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2015 ലെ തെരഞ്ഞെടുപ്പിനുശേഷം മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയുമായി ചേരുന്നതിനുമുമ്പ് ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നാണ് ദുലാത്തിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. അന്ന് ലണ്ടനില്‍ ആശുപത്രിയിലായിരുന്ന ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയെ അയച്ചിരുന്നു.
കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉമര്‍ അബ്ദുല്ല വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.