ഹൈദരാബാദ്- കൊറോണയെ തടയാന്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ മതിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്തുള്ളവര്‍ ഭയക്കേണ്ടതില്ലെന്നും ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമുളള ചൂടില്‍ വൈറസിന് നിലനില്‍ക്കാനാവില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. താന്‍ പറയുന്നത് കള്ളമല്ലെന്നും വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് പറയുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍, ചൂട് കൂടുതലുള്ളിടത്ത് വൈറസ് പകരില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്ത ഒന്നാണെന്ന് നേരത്തേ വിദഗ്ധര്‍ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന തന്നെ ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.
താപനില വര്‍ധിക്കുമ്പോള്‍ സാധാരണ പനി പോലെ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണ്. അത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ല'.ലോക ആരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ രോഗം പടര്‍ന്ന സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്തിരുന്നു. തുടര്‍ന്ന് താപനില വൈറസ് ബാധയെ സ്വാധീനിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ഇതൊന്നും അംഗീകരിച്ചിട്ടില്ല. ഈ അവകാശവാദത്തിന്റെ പുറത്താണ് തെലങ്കാന മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണ വൈറസിന് എല്ലാ കാലവാസ്ഥയിലും നിലനില്‍ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.