കോഴിക്കോട് - മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് അലോസരം ഉണ്ടാക്കുന്ന നടപടികളോ അവരെ അപമാനിക്കുന്ന സമീപനമോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദ്ദേശിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെയും ആട്ടിയകറ്റരുത്. അവർക്ക് മതിയായ സംരക്ഷണം നൽകുകയും ചികിത്സ ആവശ്യമായവർക്ക് അത് ഉറപ്പാക്കുകയും ചെയ്യണം. എല്ലാവരോടും മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു,
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ചേർന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ കോവിഡ് 19 ബാധ പ്രതിരോധിക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് ജാഗ്രതയോടെ നേതൃത്വം നൽകണമെന്നും മന്ത്രി ടി.പി പറഞ്ഞു.
ഓഖി, 2018 ലെയും 19 ലെയും പ്രളയങ്ങൾ, നിപ്പ തുടങ്ങിയ ദുരന്തങ്ങളെ കോഴിക്കോട് അതിജീവിച്ചത് ഒത്തൊരുമയോടെയാണ്. ജാഗ്രതയോടെയുള്ള ഈ കൂട്ടായ പ്രവർത്തനം ഉറപ്പാക്കാനായാൽ കൊറോണ ഭീഷണിയെയും നേരിടാനാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും വഴി ഇതിനായി സ്വീകരിക്കേണ്ട നടപടികൾ ആവിഷ്ക്കരിക്കുകയും നടപ്പാക്കി വരികയും ചെയ്യുന്നുണ്ട്.
എല്ലാ വിവരങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും താഴെ തട്ടിൽ വരെ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഏകോപനം സാധ്യമാക്കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. പഞ്ചായത്ത് നഗരസഭാ കോർപറേഷൻ അധ്യക്ഷന്മാർ ഇതിന് നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു. എല്ലാ വാർഡുകളിലും ദ്രുത കർമ്മ സേനകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് അധ്യക്ഷന്മാർ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തണം. ജനങ്ങൾ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണം. ഇതിന് നിയമപരമായ സമ്മർദ്ദം ചെലുത്തുന്നതിനു പകരം അതത് സ്ഥലങ്ങളിൽ കൂടിയാലേചനയിലൂടെ പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കാൻ അധ്യക്ഷന്മാർ മുൻകയ്യെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ എ. പ്രദീപ്കുമാർ, എം.കെ. മുനീർ, കെ. ദാസൻ, പുരുഷൻ കടലുണ്ടി, പാറക്കൽ അബ്ദുല്ല, ഇ.കെ വിജയൻ, പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ, സി.കെ നാണു, കാരാട്ട് റസാഖ്, ജില്ലയിലെ നഗരസഭാ പഞ്ചായത്ത് അധ്യക്ഷന്മാർ, ജില്ലാ കലക്ടർ സാംബശിവ റാവു, എ.ഡി.എം റോഷ്നി നാരായണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.