ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധയെ തടയാന്‍ ഗോമൂത്രം മതിയെന്ന പ്രചാരണത്തിന്റെ ഭാഗമായി അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചു. ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര് എന്നിവ ചേര്‍ത്തുണ്ടാക്കിയ പഞ്ചഗവ്യ പാനീയമാണ് ചടങ്ങില്‍വെച്ച് കുടിച്ചത്.
ഇംഗ്ലീഷ് മരുന്നുകള്‍ ആവശ്യമില്ലെന്നും ഏകദേശം 21 വര്‍ഷത്തോളമായി ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകം ഉപയോഗിച്ച് കുളിക്കാറുണ്ടെന്നും പാര്‍ട്ടിയില്‍ പങ്കെടുത്ത ഓംപ്രകാശ് പറഞ്ഞു. ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് ചടങ്ങില്‍ ഗോമൂത്രം അടങ്ങുന്ന പാനീയം കുടിച്ചു. കൊറോണ വൈറസ് ഒരു അവതാരമാണെന്നും മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനാണ് അതു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാംസം കഴിക്കുന്നവര്‍ക്കായി മാപ്പിരക്കുകയാണെന്നും ഇന്ത്യക്കാര്‍ ഇനി മാംസം കഴിക്കില്ലെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു. കൊറോണ ഭീതിയില്‍ കഴിയുന്ന ലോക നേതാക്കളെല്ലാം ഈ അത്ഭുത പാനീയും ഉടന്‍ കുടിക്കണമെന്ന് ഹിന്ദു മഹാസഭ നേതാക്കള്‍ അഭ്യര്‍ഥിച്ചു.
ഏകദേശം ഇരുന്നൂറോളം പേരാണ് നടന്ന ഗോമൂത്ര പാര്‍ട്ടിയില്‍ പങ്കെടുത്തത്. സമാനരീതിയില്‍ രാജ്യത്തെ മറ്റിടങ്ങളിലും പാര്‍ട്ടി സംഘടിപ്പിക്കാനാണ് തീരുമാനം.