ന്യൂദല്‍ഹി- ജനസംഖ്യ കുറവായ പല രാജ്യങ്ങളിലും പുതിയ കൊറോണ വൈറസ് അതിവേഗം പടര്‍ന്നിരിക്കെ ഇന്ത്യയില്‍ എന്തുകൊണ്ട് രോഗ വ്യാപനം കുറഞ്ഞുവെന്നതിനെ കുറിച്ച് പല കാരണങ്ങള്‍ പുറത്തുവരുന്നു.
ഇന്ത്യയിലുണ്ടായത് പകര്‍ച്ചവ്യാധിയല്ലെന്നും വിദേശത്തുനിന്ന് ആളുകള്‍ കൊണ്ടുവന്നതാണെന്നും കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും പറയുന്നു. ഇന്ത്യക്കാര്‍ക്ക് ദൈവാനുഗ്രഹമുള്ളതു കൊണ്ടാണെന്നും ഹസ്തദാനത്തിനു പകരം നമസ്‌തേ ശീലമാക്കിയതുകൊണ്ടാണെന്നും തുടങ്ങിയ യുക്തിക്ക് നിരക്കാത്ത കാരണങ്ങളും ബി.ജെ.പി നേതാക്കള്‍ നിരത്താറുണ്ട്.
രാജ്യത്ത് 6,700 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതായാണ് കഴിഞ്ഞ ദിവസത്തെ കണക്ക്. 42,000 ത്തോളം പേരെ നിരീക്ഷണത്തിലാക്കി. 80 ലേറേ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ രണ്ട് പേരാണ് മരിച്ചത്.
120 കോടി ജനസംഖ്യയുള്ള രാജ്യത്ത് കേസുകളുടെ എണ്ണവും മരണസംഖ്യയും കുറവാണെന്നാണ് ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തി കൊണ്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍, ഇന്ത്യയുടെ കുറഞ്ഞ കണക്കിനുള്ള ഒരു കാരണം കൊറോണ പരിശോധന കുറഞ്ഞതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ മാരക വൈറസിന്റെ പരിശോധന വിപുലമാക്കണമെന്നും അവര്‍ പറയുന്നു. 5.1 കോടി ജനസംഖ്യയുള്ള ദക്ഷിണ കൊറിയ ജനുവരി 20 മുതല്‍ 250,000 ത്തോളം പേരില്‍ പരിശോധിച്ചു. ആഗോള മാരകവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളിലൂടെ ആളുകള്‍ കടന്നു പോകുന്നു. മാരക പകര്‍ച്ചവ്യാധിയുടെ തുടക്കമാണിതെന്നും സമൂഹത്തില്‍ വ്യാപിച്ചു തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടില്ലെന്നും ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ (ടിസ്) നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ മുന്‍ ഡയറക്ടറും സര്‍ക്കാര്‍ സ്ഥാപനമായ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റം സ്റ്റഡീസിന്റെ മുന്‍ ഡീനും പൊതു ആരോഗ്യ വിദഗ്ധനുമായ ടി.സുന്ദരരാമന്‍ പറയുന്നു. രോഗം എവിടെയൊക്കെയുണ്ട്, എത്രപേര്‍ അപകടത്തിലാണ് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.