ലണ്ടന്‍- കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിരലുകള്‍ വായിലിടരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ബ്രോസ്റ്റ് കമ്പനിയായ കെ.എഫ്.സി ഫിംഗര്‍ ലിക്കിംഗ് പരസ്യം ഒഴിവാക്കുന്നു. ഈ പരസ്യ വാചകം വ്യാപകമായി ഉപയോഗിക്കാനും കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഒരുങ്ങിയിരിക്കെയാണ് തിരിച്ചടി. ബോര്‍ഡുകളില്‍ കാണിക്കാന്‍ വിരല്‍ നക്കാന്‍ നല്ല വൈദഗ്ധ്യമുള്ള ഒരാളെ കമ്പനി അന്വേഷിച്ചുവരികയായിരുന്നു.
കൊറോണ വൈറസ് ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പ്രഖ്യാപിച്ചിരിക്കെയാണ് കെ.എഫ്.സി തങ്ങളുടെ പ്രശസ്തമായ ഫിംഗര്‍ ലിക്കിംഗ് ഗുഡ് പരസ്യ വാചകം അവസാനിപ്പിക്കുന്നത്. യു.കെ കേന്ദ്രീകരിച്ചുള്ള ഈ പരസ്യ കാമ്പയിന്‍ തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്ന് ഫാസ്റ്റ്ഫുഡ് ശൃംഖല അറിയിച്ചു.
കൊറോണ വൈറസ് പടരാതിരിക്കാന്‍ ശുചിത്വവും കൈകഴുകലും ആവശ്യമാണെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു വരികയാണ്. ഈ സമയത്ത് തങ്ങളുടെ മുന്‍നിര ഉല്‍പന്നം കഴിച്ചതിനുശേഷം ആളുകള്‍ വിരല്‍ നക്കുന്നതായി കാണിക്കുന്നത് നല്ലതാണോ എന്ന് കെ.എഫ്.സി പുനപരിശോധിക്കുയായിരുന്നു. അതേസമയം, ഈ പരസ്യവാചകത്തില്‍ അഭിമാനിക്കുന്നുവെന്നും ശരിയായ സമയത്ത് അത് തിരികെ കൊണ്ടുവരുമെന്നും കമ്പനി വക്താവ് പറഞ്ഞു.
അതേസമയം വിരല്‍ നക്കുന്നത് നല്ലതാണെന്ന പരസ്യത്തിനെതിരെ ഇതിനകം 163 പരാതികള്‍ ലഭിച്ചതായി ബ്രിട്ടീഷ് പരസ്യങ്ങള്‍ നിരീക്ഷിക്കുന്ന അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വക്താവ് പറഞ്ഞു.
ബ്രിട്ടനിലെമ്പാടുമുള്ള പരസ്യബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രൊഫഷണല്‍ ഫിംഗര്‍ ലിക്കറെ തേടുന്നുവെന്ന പരസ്യം നല്‍കിയതിനു പിന്നാലെയാണ് ഫിംഗര്‍ ലിക്കിംഗ് പരസ്യം പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുന്നത്.
കെ.എഫ്.സിക്കു പുറമെ, പരസ്പരം ആശ്ലേഷിക്കുന്ന പരസ്യങ്ങള്‍ കൂര്‍സ് ലൈറ്റും ഹെര്‍ഷേയും പിന്‍വലിച്ചു. പറക്കാന്‍ മറ്റൊരു മികച്ച സമയമില്ല എന്ന വിഷയത്തില്‍ കൂട്ട മെയില്‍ അയച്ചതിന് സ്പിരിറ്റ് എയര്‍ലൈന്‍സ് ക്ഷമ ചോദിച്ചതാണ് കൊറോണ വ്യാപന പശ്ചാത്തലത്തിലുണ്ടായ മറ്റൊരു സംഭവം.