ഭീകരവാദക്കേസിലെ പ്രതി പ്രഗ്യയ്ക്കൊപ്പം വിജയമുദ്ര കാട്ടി സിന്ധ്യ; വിമര്‍ശനവുമായി റാണ അയ്യൂബ്

ഭോപ്പാല്‍- കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക്  നാമനിർദേശം സമർപ്പിക്കാന്‍ എത്തിയത് ഭീകരാക്രമണ കേസിലെ പ്രതി പ്രഗ്യസിംഗ്  താക്കൂറിനൊപ്പം.
ഭോപ്പാലിൽ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ എത്തിയപ്പോയാണ് പ്രമുഖ ബിജെപി നേതാക്കളായ ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്ര സിംഗ് തോമർമ എന്നിവര്‍ക്കൊപ്പം മലേഗാവ്, മക്കാ മസ്ജിദ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യയും സിന്ധ്യയെ അനുഗമിച്ചത്. ശേഷം പ്രഗ്യാസിംഗ് പ്രഗ്യയ്ക്കൊപ്പം വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടി സിന്ധ്യ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.  വന്‍ വിമര്‍ശനമാണ് ഈ പഴയ കോണ്‍ഗ്രസ് നേതാവിന്റെ ചെയ്തിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
അധികാരക്കൊതിയില്‍ മതനിരപേക്ഷയില്‍നിന്ന് തീവ്ര മതവാദത്തിലേക്കുള്ള ചാട്ടത്തെ വിമര്‍ശിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബും രംഗത്തെത്തി. ഇത്രയും കാലം ഇവരായിരുന്നോ ജനാധിപത്യ ഇന്ത്യയെ സംരക്ഷിച്ചുനിര്‍ത്തിയിരുന്നതെന്ന് റാണ ചോദിക്കുന്നു.

"ദശാബ്ദങ്ങളോളം കോണ്‍ഗ്രസിന്റെ കൂടെയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് ഭീകരവാദകേസിലെ പ്രതിയായ പ്രഗ്യ ടാക്കൂറിനോടൊപ്പം നിന്ന് വിജയമുദ്ര കാട്ടുന്നത്. ഇന്ത്യയിലെ മതേതരത്വത്തിന്റെ സംരക്ഷകരെന്നു വിളിക്കപ്പെടുന്നവരെകുറിച്ച് ഈ ചിത്രം വളരെയേറെ സംസാരിക്കുന്നുണ്ട്", റാണാ അയൂബ് ട്വീറ്റ് ചെയ്തു.

ബിജെപിയിൽ ചേർന്നതിനുശേഷം മധ്യപ്രദേശിലേക്കുള്ള കന്നി സന്ദർശനത്തിനെത്തിയ ജ്യോതിരാദിത്യയ്ക്ക് വന്‍ സ്വീകരണമാണ് വിമാനത്താവളത്തിൽ ബിജെപി ഒരുക്കിയത്. ബിജെപി ഓഫീസിലേക്ക് റോഡ്ഷോ ആയാണ് അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആനയിച്ചത്. പാർട്ടിയുടെ ആസ്ഥാനത്ത് ബിജെപിയുടെ മുതിര്‍ന്ന സംസ്ഥാന നേതാക്കൾ സിന്ധ്യയെ സ്വീകരിച്ചു.

Latest News