Sorry, you need to enable JavaScript to visit this website.

സ്വകാര്യതയിൽ ബീഫ് വരുമോ

ന്യൂഡൽഹി- സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വകാര്യതയുടെ പരിധിയിൽ വരുന്ന വിഷയങ്ങൾ എതെല്ലാമെന്നതിൽ ആശങ്കയും അവ്യക്തതയും തുടരുന്നു. ആധാർ ഉൾപ്പടെ 20ൽ അധികം കേസുകളിലാണു കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനു നിലപാട് മാറ്റം വരുത്തേണ്ടി വരുന്നത്. ബീഫ് നിരോധനം, സ്വവർഗ ലൈംഗികത, വാട്‌സാപ്പ് തുടങ്ങിയവിഷയങ്ങളിലെ നിലപാടുകളും നിയമങ്ങളും വ്യാപകമായി ചോദ്യം ചെയ്യപ്പെടും. 
വ്യക്തിയുടെ സ്വകാര്യതയ്ക്കു മേലുള്ള യാതൊരു നിയന്ത്രണവും പാടില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബീഫ്, മദ്യ നിരോധനങ്ങൾ ചർച്ചയിലേക്കു വരുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബീഫ് നിരോധനമുണ്ട്. കശാപ്പിനായുള്ള കന്നുകാലി കച്ചവടം നിയന്ത്രിച്ചതിലൂടെ കേന്ദ്ര സർക്കാരും ഫലത്തിൽ രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പിലാക്കി. ബീഫ് നിരോധനം ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് വാദം. സർക്കാർ ഒത്താശയോടെ നടക്കുന്ന ബീഫ് റെയ്ഡുകൾ ഇനി നടക്കില്ലെന്നാണു വ്യക്തമാകുന്നത്.  ഒരു പ്രത്യേക ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്യം ഭരണഘടന വകുപ്പ് 21 ൽ പറയുന്നില്ല. സ്വകാര്യത അവകാശത്തിലും അങ്ങനെയില്ല. അതുകൊണ്ടു തന്നെ ബീഫ് നിരോധിക്കാനുള്ള സ്വാതന്ത്യം സർക്കാരിന് ഉണ്ടെന്നായിരുന്നു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ബീഫ് നിരോധനം ഏർപ്പെടുത്തുമ്പോൾ വാദിച്ചിരുന്നത്. സ്വകാര്യത മൗലികാവകാശമായതോടെ ഇനി ഇത്തരം വാദങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.

സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലേക്കു വഴി തെളിച്ചത് ആധാർ സംബന്ധിച്ച പരാധികളാണ്. ആധാറിലൂടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസമുണ്ടാകും. രാജ്യസുരക്ഷയുടെയും തീവ്രവാദ ഭീഷണിയുടെയും പേരിൽ ആധാർ ഉപയോഗിച്ചു വ്യക്തികളെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു കനത്ത തിരിച്ചടിയാണ് വിധിയെന്നും വിലയിരുത്തപ്പെടുന്നു. ക്ഷേമപദ്ധതികൾക്ക് ആധാർ തുടർന്നു ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനു വിരമാമാകും. ആധുനിക കാലത്ത് ബയോമെട്രിക് ഡേറ്റയാണ് വ്യക്തികളുടെ സ്വകാര്യത. അതിനാൽ ഡിജിറ്റൽ രേഖകൾ ജീവൻ പോലെ സൂക്ഷിക്കാനും സ്വകാര്യമായി വയ്ക്കാനുമുള്ള അവകാശം പൗരനുണ്ടെന്ന് വിധി വ്യക്തമാക്കുന്നു. എല്ലാ ഇടപാടുകൾക്കും ഇനി ആധാർ നിർബന്ധമാക്കാൻ സാധിക്കില്ലെന്നാണ് വിവരം. ആധാർ ഇല്ലെങ്കിലും സേവനങ്ങൾ പൗരനു നൽകേണ്ടി വരും. ആധാറിന് വേണ്ടിയുള്ള വിവരശേഖരണം സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രത്തിന് തെളിയിക്കേണ്ടതായും വരും. 

വാട്‌സാപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തി കൈമാറുന്ന സ്വകാര്യ വിവരങ്ങൾ വാണിജ്യാവശ്യത്തിനു അവരറിയാതെ ഉപയോഗിക്കുന്ന പ്രവണതയുണ്ട്. രാജ്യത്തെ പ്രധാന സാങ്കേതിക കമ്പനികളെല്ലാം വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ട്. രാജ്യസുരക്ഷ മുൻനിർത്തി സർക്കാർ ഏജൻസികളും വിവരശേഖരണം നടത്തുന്നുണ്ട്. ഗൂഗിൾ, ഫേസ് ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങി മുൻനിര കമ്പനികൾ ഇന്ത്യയിൽ നിലപാട് മാറ്റേണ്ടിവരും. സ്വകാര്യതാനയം കമ്പനികളും സർക്കാരുകളും പുതുക്കേണ്ടി വരും.

സ്വകാര്യത സംബന്ധിച്ച വിധി ഏറ്റവുമധികം ചർച്ചയാകുന്ന മറ്റൊരു വിഷയം ലൈംഗികതയാണ്. പ്രത്യേകിച്ചും ലൈംഗിക ന്യൂനപക്ഷ സമൂഹത്തിനു വിധി നേട്ടമായേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു തടസം. സുപ്രീം കോടതി വിധിയിലൂടെ ഐപിസി 377 മറികടക്കാമെന്നാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ കരുതുന്നത്. 
    
മദ്യത്തിന്റെ കാര്യത്തിലും വിധി ചലനം സൃഷ്ടിക്കും. പല സംസ്ഥാനങ്ങളിലും മദ്യനിരോധനമുണ്ട്. മദ്യം കഴിക്കുന്നത് വ്യക്തിയുടെ ഇഷ്ടമായതിനാൽ സർക്കാരിന് എത്രമാത്രം എതിർക്കാനാകുമെന്നും കാത്തിരുന്നുകാണണം. നിയമതടസ്സമുന്നയിച്ച് കോടതിയെ സമീപിച്ചാൽ മദ്യനയം പുനപരിശോധിക്കേണ്ടി വന്നേക്കാം. 

Latest News