മസ്‌കത്ത് - കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് നാളെ മുതൽ മുപ്പതു ദിവസത്തേക്ക് നിർത്തിവെക്കും. സ്‌പോർട്‌സ് പരിപാടികളും വിദ്യാർഥികളുടെ പാഠ്യേതര പരിപാടികളും നിർത്തിവെക്കാനും ആഭ്യന്തര മന്ത്രി ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി തീരുമാനിച്ചു.
ടൂറിസ്റ്റ് കപ്പലുകൾ രാജ്യത്തെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും താൽക്കാലികമായി വിലക്കി. കേസുകളുമായി ബന്ധപ്പെട്ട കക്ഷികളെ മാത്രമേ കോടതി സിറ്റിംഗുകളിൽ ഹാജരാകുന്നതിന് അനുവദിക്കുകയുള്ളൂ. കോടതികളുടെ പ്രവർത്തനം ക്രിമിനൽ കേസ് നടപടിക്രമങ്ങളിൽ ഒതുക്കി. കോഫി ഷോപ്പുകളിലും റസ്റ്റോറന്റുകളിലും മറ്റു ലൈസൻസുള്ള സ്ഥാപനങ്ങളിലും ഹുക്ക വിതരണം ചെയ്യുന്നതും ഒമാൻ വിലക്കിയിട്ടുണ്ട്.
അടിയന്തരാവശ്യമില്ലെങ്കിൽ വിദേശയാത്ര ഒഴിവാക്കണം, മതപരമായ ചടങ്ങുകൾ നിയന്ത്രിക്കണം, കുടുംബ ചടങ്ങുകൾ, സിനിമക്ക് പോക്ക് എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.