മക്ക - വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വയുടെ ഔദ്യോഗിക കൈമാറ്റ ചടങ്ങ് പൂർത്തിയായി. ഇന്നലെ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കിസ്‌വ കൈമാറി. കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ശൈഖ് ഡോ. സ്വാലിഹ് അൽശൈബി കിസ്‌വ ഏറ്റുവാങ്ങി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, ഉപമേധാവി ഡോ. മുഹമ്മദ് അൽഖുസൈം, കിംഗ് അബ്ദുല്ല കിസ്‌വ കോംപ്ലക്‌സ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബാജോദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തീർഥാടക ലക്ഷങ്ങൾ അറഫയിൽ ഒത്തുചേരുന്ന, ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമം നടക്കുന്ന ദുൽഹജ് ഒമ്പതിന് രാവിലെ വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. വർഷത്തിൽ ഒരു തവണയാണ് കിസ്‌വ മാറ്റുന്നത്.