ഭോപ്പാല്‍- മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടണെ സന്ദര്‍ശിച്ചു. മാര്‍ച്ച് 16ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് അദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ബംഗളുരുവില്‍ ബിജെപി ബന്ദികളാക്കിയ എംഎല്‍എമാരെ മോചിപ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രിയെ സമീപിക്കണമെന്നും ഗവര്‍ണറോട് കമല്‍നാഥ് ആവശ്യപ്പെട്ടു. ബിജെപി തങ്ങളുടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിക്കത്ത് സമര്‍പ്പിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് സൂചിപ്പിച്ചു.
22 വിമത എംഎല്‍എമാരില്‍ 19 പേരുടെ രാജി കത്തുകളാണ് ബിജെപി മുന്‍മന്ത്രി ഭൂപേന്ദ്ര സിങ് സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്.ഇതുവരെ 13 പേര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യക്തിപരമായി തന്റെ മുമ്പാകെ ഹാജരാകണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്ന് സാക്ഷ്യപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.