മലേഗാവ് സ്ഫോടന കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച കേണല്‍ ശ്രീകാന്ത് പുരോഹിത് ഉടന്‍ സൈന്യത്തില്‍ ചേരും. ഇന്നലെ ജയില്‍ മോചിതനായ പുരോഹിതിനെ സൈനിക അകന്പടിയോടെയാണ് ജയിലില്‍ നിന്ന് കൊണ്ടുപോയത്. ആരായിരുന്നു കേണല്‍ പുരോഹിതും അഭിനവ് ഭാരത് എന്ന സംഘടനയും..
അഭിനവ് ഭാരത് എന്ന സംഘടനയുടെ പിറവി തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ്. 1905-ല്‍ ആര്‍ എസ് എസ് നേതാവ് സവര്‍ക്കര്‍ പൂനെയിലെ ഫെര്‍ഗൂസന്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് തുടക്കമിട്ട ഒരു രഹസ്യ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സംഘടനയുടെ തുടക്കമെന്ന് കരുതപ്പെടുന്നു. ഇറ്റാലിയന്‍ വിപ്ലവകാരി ഗിസിപ്പി മസീനിയുടെ യംഗ് ഇറ്റലി എന്ന സംഘടനയുടെ പേരില്‍ നിന്നാണ് അഭിനവ് ഭാരത് എന്ന പേരിന് പ്രചോദനം കണ്ടെത്തിയത്. 1906-ല്‍ സവര്‍ക്കര്‍ക്ക് ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ അഭിനവ് ഭാരത് നിര്‍ജീവമായിക്കിടന്നു. സ്വാതന്ത്ര്യം ലഭിച്ചു അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം 1952-ല്‍ അഭിനവ് ഭാരത് പിരിച്ച വിടുകയും ചെയ്തു.
ഇതിനു ശേഷം ആരാണ് ഈ സംഘടനയെ പുനരുജ്ജീവിപ്പിച്ചതെന്നോ എങ്ങനെയാണെന്നോ വ്യക്തമല്ല. 2008-ല്‍ ഔട്ട്‌ലുക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹിമാനി സവര്‍ക്കര്‍ അവകാശപ്പെട്ടത് അഭിനവ് ഭാരതിന് പുതിയ രൂപത്തില്‍ തുടക്കമിട്ടത് ആര്‍ എസ് എസുകാരാനായ സമീര്‍ കുല്‍ക്കര്‍ണി ആണെന്നാണ്. ആറു പേരുടെ മരണത്തിനിടിയാക്കിയ 2008-ല്‍ മാലേഗാവിലുണ്ടായ സ്‌ഫോടനത്തിന് ആവശ്യമായ വസ്തുക്കള്‍ നല്‍കി സഹായിച്ച കുറ്റത്തിന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കുര്‍ക്കര്‍ണിയേയും പ്രതിചേര്‍ത്തിരുന്നു. ഈ സ്‌ഫോടനത്തിനു പിന്നില്‍ അഭിനവ് ഭാരത് ആണെന്ന് വിശ്വസിക്കപ്പെടുന്നു. (2006-ലും മാലേഗാവില്‍ സ്‌ഫോടനമുണ്ടായിട്ടുണ്ട്. എന്നാല്‍ 2008-ലെ സ്‌ഫോടനവുമായാണ് ്അഭിനവ് ഭാരതിനു ബന്ധമുള്ളത്.)
2008 ഏപ്രിലില്‍ ഭോപാലില്‍ നടന്ന യോഗത്തില്‍ അഭിനവ് ഭാരതിന്റെ പ്രസിഡന്റായി തന്നെ തെരഞ്ഞെടുക്കപ്പെട്ടതായി മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ചോദ്യ ചെയ്തപ്പോള്‍ ഹിമാനി സവര്‍ക്കര്‍ പോലീസിനോട് പറഞ്ഞിരുന്നു. സംഘടന മധ്യപ്രദേശില്‍ വളര്‍ത്തുന്നതിനായാണ് സമീര്‍ കുല്‍ക്കര്‍ണി പ്രവര്‍ത്തിച്ചിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
ഇതു കൂടാതെ മറ്റു തെളിവുകളും മഹാരാഷ്ട്ര എടിഎസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയാറാക്കിയ എഫ് ഐ ആറിലുമുണ്ട്. ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് 208-ലെ മാലേഗാവ് സ്‌ഫോടനത്തില്‍ മുഖ്യപങ്ക് വഹിച്ചു എന്നാണ് കര്ക്കരെയുടെ കണ്ടെത്തല്. കേണല്‍ പുരോഹിതാണ് അഭിനവ് ഭാരതിന്റെ മുഖ്യശില്‍പ്പി എന്നും അന്വേഷണ സംഘം കണ്ടെത്തി. 2006 ജൂണില്‍ റായ്ഗഢിലെ ശിവാജി കോട്ടയില്‍ വച്ചാണ് ഏതാനും യുവാക്കളേയും കൂട്ടി പുരോഹിത് അഭിനവ് ഭാരതിന് തുടക്കമിട്ടതെന്നും മഹാരാഷ്ട്ര എടിഎസ് കണ്ടെത്തി.
കോട്ടയിലെ ശിവാജിയുടെ സിംഹാസനത്തില്‍ ചെന്ന് തങ്ങള്‍ അനുഗ്രഹം തേടിയെന്നും കൂട്ടായ്മയ്ക്ക് അഭിനവ് ഭാരത് എന്നു പേരിടാന്‍ തീരുമാനിച്ചെന്നും ആ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞിരുന്നു. പിന്നീട് 2007 ഫെബ്രുവരിയില്‍ സംഘടനയെ ഒരു ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തു. അഭിനവ് ഭാരതിന്റെ ട്രഷററായ പൂനെ സ്വദേശിയായ അജയ് രഹിക്കറുടെ വിലാസത്തിലാണ് സംഘടന രജിസ്റ്റര്‍ ചെയ്ത്. മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ് രഹിക്കറും.
2008-ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ അഭിനവ് ഭാരതിന്റെ പങ്ക് കണ്ടെത്തിയിട്ടില്ലായിരുന്നവെങ്കിലും ഒരു പക്ഷേ ഇന്നും ഈ സംഘടനയുടെ പ്രവര്‍ത്തനം അജ്ഞാതമായി തന്നെ തുടരുമായിരുന്നു. മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണം ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ ഗതി തന്നെ തിരിച്ചുവിടുന്നതായി മാറി. 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കര്‍ക്കരെ കൊല്ലപ്പെടുകയും ചെയ്തു. കര്‍ക്കരെയുടെ അന്വേഷണമാണ് ഇന്ത്യയില്‍ ആദ്യമായി ഭീകരാക്രമണക്കേസില്‍ ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നത്.
അഭിനവ് ഭാരത് മഹാരാഷ്ട്രയില്‍ മാത്രം കേന്ദ്രീകരിച്ച ചെറിയൊരു സംഘടനയായിരുന്നെങ്കിലും അവര്‍ നടത്തിയ സ്‌ഫോടനം ഇന്ത്യ മൊത്തം ലക്ഷ്യമിട്ടുള്ള ഓപറേഷന്റെ ഭാഗമായിരുന്നു. കേണല്‍ പുരോഹിത് മുഖ്യ പങ്കുവഹിച്ച് അഞ്ച് തവണ യോഗങ്ങള്‍ ചേര്‍ന്നാണ് ഈ സ്‌ഫോടനത്തിനുള്ള ഗൂഢാലോചന ഇവര്‍ നടത്തിയതെന്ന് മഹാരാഷ്ട്ര എടിഎസ് കണ്ടെത്തിയിരുന്നു. 2008 ജനുവരിയിലായിരുന്നു ആദ്യ യോഗം. പുരോഹിതിനെ കൂടാതെ ഈ യോഗത്തില്‍ പങ്കെടുത്തവരില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായ മേജര്‍ രമേശ് ഉപാധ്യയ, സമീര്‍ കുര്‍ക്കര്‍ണി, സുധാകര്‍ ചുതുര്‍വേദി, അമൃതാനന്ദ ദേവ് തീര്‍ത്ഥ് തുടങ്ങിയവരും ഉണ്ടായിരുന്നു. ഇവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.
രണ്ടാം തവണ യോഗം ചേര്‍ന്നത് 2008 ഏപ്രിലില്‍ ഭോപാലിലായിരുന്നു. ഈ യോഗത്തില്‍ മുന്‍ എബിവിപി നേതാവായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും പങ്കെടുത്തിരുന്നതായി എടിഎസ് കണ്ടെത്തി. 'മാലേഗാവില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് സ്‌ഫോടനം നടത്തി മുസ്ലിംകളോട് പ്രതികാരം ചെയ്യാന്‍ സംഘം തീരുമാനിച്ചത് ഈ യോഗത്തിലാണ്. സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്ന ചുമതല മുഖ്യപ്രതി കേണല്‍ പുരോഹിത് ഏറ്റെടുത്തു. സ്‌ഫോടനം നടത്താനുള്ള ആളുകളെ എത്തിക്കുന്ന കാര്യം പ്രഗ്യ സിംഗും ഏറ്റെടുത്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും മാലേഗാവില്‍ സ്‌ഫോടനം നടത്താമെന്ന തീരുമാനം അംഗീകരിക്കുകയും ചെയ്തു.' എടിഎസ് സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു.
മൂന്നാം യോഗം ചേര്‍ന്നത് 2008 ജൂണ്‍ 11-ന് ഇന്‍ഡോറിലെ സര്‍ക്യൂട്ട് ഹൗസിലാണ്. ഈ യോഗത്തിലാണ് ബോംബ് സ്ഥാപിക്കാന്‍ വിശ്വസ്തരായ രാമചന്ദ്ര കസസംഗര, സന്ദീപ് ഡാങ്കെ എന്നിവരെ അമൃതാനന്ദ ദേവ് തീര്‍ത്ഥയ്ക്ക് പ്രഗ്യ സിംഗ് പരിചയപ്പെടുത്തിക്കൊടുക്കുന്നത്
അഞ്ചാം യോഗം ചേര്‍ന്നത് 2008 ഓഗസ്റ്റ് മൂന്നിന് ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലെ ധര്‍മ്മശാലയിലാണ്. സ്‌ഫോനടത്തിനാവശ്യമായ ആര്‍ ഡി എക്‌സ് എത്തിക്കാനുള്ള ഉത്തരവാദിത്തം ഈ യോഗം കേണല്‍ പുരോഹിതിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കലസംഗരെക്കും ഡാങ്കെയ്ക്കും ബോംബ് കൈമാറാന്‍ സ്‌ഫോടകവസ്തുക്കള്‍ യോജിപ്പിക്കുന്നതില്‍ നൈപുണ്യമുള്ള രാകേഷ് ധവാഡെ എന്നയാളെ പുരോഹിത് ചുമതലപ്പെടുത്തി. ഓഗസ്റ്റ് ഒമ്പതിനു പത്തിനുമായി പൂനെയില്‍ വെച്ച് ഇവര്‍ക്ക് ബോംബ് കൈമാറാനാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്.
2001-ല്‍ മാലേഗാവ് സ്‌ഫോടനക്കേസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി. എന്നാല്‍ പ്രതികളുടെ അഭിഭാഷകര്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിച്ചതോടെ എന്‍ ഐ എക്ക് കുറച്ചു വര്‍ഷങ്ങള്‍ കാര്യമായി മുന്നോട്ടു പോകാനായില്ല. പിന്നീട് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ, മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം അന്വേഷണം വേണ്ട രീതിയില്‍ നീങ്ങുന്നില്ലെന്ന ആരോപണവും എന്‍ഐഎക്ക് നേരിടേണ്ടി വന്നു.
അതിനിടെ മാലേഗാവ് സ്‌ഫോടനക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 2015 ജൂലൈയില്‍ ഏവരേയും ഞെട്ടിച്ച് ഒരു വെളിപ്പെടുത്തലും നടത്തി. കേസിലെ പ്രതികളായ അഭിനവ് ഭാരത് പ്രവര്‍ത്തകര്‍ക്ക് അനൂകൂലമായ നിലപാട് സ്വീകരിക്കണമെന്ന് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ തന്നോട് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രോഹിണി സലിയന്‍ വെളിപ്പെടുത്തിയത്. ഒരു വര്‍ഷത്തോളമായി, പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതികള്‍ക്ക് അനുകൂലമാകാന്‍ എന്‍ ഐ എയില്‍ നിന്നും നിരന്തരം സമ്മര്‍ദ്ദമുണ്ടായെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വിശദമായി പറഞ്ഞിരുന്നു.
മാറിയ സാഹചര്യത്തില്‍ ഈ കേസിന്റെ ഗതിയില്‍ തീര്‍ത്തും നിരാശജനകമായ രീതിയിലായിരുന്നു അവരുടെ പ്രതികരണങ്ങള്‍. 'കേസ് പിന്‍വലിക്കാനാവില്ലെന്നതു കൊണ്ട് അവര്‍ (എന്‍ഐഎയും സര്‍ക്കാരും) ആഗ്രഹിക്കുന്നത് ഒരു പക്ഷേ കേസിന്റെ പരാജയമാകാം,' എന്നാണ് അഭിമുഖത്തില്‍ അഡ്വ. രോഹിണി പറഞ്ഞത്.
അഡ്വ. രോഹിണിയുടെ വെളിപ്പെടുത്തല്‍ പ്രാധാനമായും രണ്ടു കാരണങ്ങളാലാണ് വളരെ പ്രധാന്യമര്‍ഹിക്കുന്നത്. മൂന്നു പതിറ്റാണ്ടു കാലത്തെ നിയമരംഗത്തെ വൈദഗ്ധ്യവും സല്‍പ്പേരും മഹാരാഷ്ട്രാ ചീഫ് പബ്ലിക് പ്രൊസിക്യൂട്ടര്‍ എന്ന നിലയില്‍ നിരവധി കേസുകള്‍ കൈകാര്യം ചെയ്ത പരിചയവുമുണ്ട് ഇവര്‍ക്ക്. മറ്റൊന്ന് കേസന്വേഷിച്ച് നിര്‍ണായക കണ്ടെത്തല്‍ നടത്തിയ മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെയില്‍ നേരിട്ട് ഈ കേസ് വിശദാംശങ്ങള്‍ അറിഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാള്‍ കൂടിയാണിവര്‍.
ഈ കേസ് അന്വേഷണത്തിന്റെ അനന്തരഫലം ത്രാസിലായെങ്കിലും അതിന്റെ സ്വഭാവവും സാധ്യതകളും അപ്രതീക്ഷിതമായിരുന്നു. 2007-ലും 2008-ലും അഭിനവ് ഭാരത് അംഗങ്ങള്‍ നടത്തിയ യോഗങ്ങളുടെ വിശദാംശങ്ങള്‍ സ്‌ഫോടനാത്മകമാണ്. യോഗ നടപടികളെല്ലാം അമൃതാനന്ദ ദേവ് തീര്‍ത്ഥ് എന്ന സുധാകര്‍ ദ്വിവേദി തന്റെ ലാപ്‌ടോപില്‍ രേഖയാക്കി സൂക്ഷിച്ചിരുന്നു. ഈ രേഖകള്‍ അഭിനവ് ഭാരതിന്റെ അന്തിമ ലക്ഷ്യമായ ഹിന്ദു രാഷ്ട്രത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
മാലേഗാവ് സ്‌ഫോടനക്കേസിലെ കുറ്റപത്രത്തിന്റെ ഭാഗമായ ഈ സംഭാഷണങ്ങള്‍ വരാനിരിക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ പുതിയ പതാക, പുതിയ ഭരണഘടന, ബോംബ് സ്‌ഫോടനങ്ങള്‍ക്കുള്ള ന്യായീകരണം, ആര്‍ എസ് എസും ബിജെപിയുമായുള്ള അഭിനവ് ഭാരതിന്റെ സൗഹൃദ ബന്ധം തുടങ്ങി നിരവധി കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്.
കടപ്പാട്: സ്‌ക്രോള്‍