ബംഗളൂരു- തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ രോഗം സ്ഥിരീകരിച്ചതായി ഗൂഗ്ൾ വ്യക്തമാക്കി. ഈയിടെ ഇറ്റലിയിൽനിന്നെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കർണാടകയിലെ ആശുപത്രിയിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി സർക്കാർ അറിയിച്ചു. ഇറ്റലിയിൽനിന്നെത്തിയ ശേഷം ഇദ്ദേഹം ഏതാനും മണിക്കൂർ ഗൂഗിളിന്റെ ഓഫീസിൽ എത്തിയിരുന്നതായി കമ്പനി സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുമ്പായിരുന്നു ഇദ്ദേഹം ഓഫീസിൽ എത്തിയത്. രോഗം സ്ഥിരീകരിച്ച ശേഷം ഈ ഓഫീസിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്ക് സമ്പർക്ക നിരോധനം ഏർപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി. അന്ന് ഓഫീസിൽ ഇല്ലാതിരുന്നവരോട് വീടുകളിൽനിന്ന് ജോലി ചെയ്താൽ മതിയെന്ന് നിർദ്ദേശിച്ചതായും കമ്പനി വ്യക്തമാക്കി. നേരത്തെ ഡെൽ, മൈന്റ്ട്രീ എന്നീ കമ്പനികളിലെ ചിലർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.