ന്യൂജേഴ്‌സി- ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. സംഭവത്തില്‍ ഇന്ത്യന്‍ സ്‌റ്റോര്‍ ഉടമ മനീഷ ബറേഡിനെതിരെ ലൊ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. പത്ത് വയസുള്ള മൂന്നുപേര്‍ക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് ശരീരത്തിലും കാലിനും കൈയ്ക്കും പൊള്ളലേറ്റത്.
വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഹാന്റ് സാനിറ്റൈസറിന്റെ ദൗര്‍ലഭ്യം ഉണ്ടായതിനെ തുടര്‍ന്നാണ് മനീഷ തന്റെ വീട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് അവ സ്‌റ്റോറുകളില്‍ വില്‍പ്പനക്ക് വെക്കുകയായിരുന്നു. ഇത് വാങ്ങിച്ച് ഉപയോഗിച്ച കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.